

വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന ഭീകരാക്രമണം അമേരിക്കയ്ക്കെതിരായ ആക്രമണം കൂടിയാണെന്ന് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. വരുന്ന 48 മണിക്കൂറിനുള്ളിൽ ഇസ്രായേലിനെതിരെ ഹമാസ് തങ്ങളുടെ ആക്രമണം കടുപ്പിച്ചേക്കുമെന്നും ബോൾട്ടൺ പറയുന്നു. ” ഒരു രാജ്യം ഭീകരാക്രമണത്തിന് ഇരയായാൽ അവർക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമല്ല ഭീകരരുടെ അടിവേരറുത്ത് ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണികൾ ഇല്ലാതാക്കാനും കഴിയും. ഇസ്രായേൽ ഹമാസിന്റെ ഭീഷണി ഏറെ നാളായി സഹിക്കുന്നുണ്ട്.
ഹമാസിന്റെ ആക്രമണം മുൻകൂട്ടി കാണാൻ കഴിയാതിരുന്നത് ഒരു പരാജയം തന്നെയാണ്. അതിനെ നിസാരമായി തള്ളിക്കളയാനാകില്ല. അമേരിക്കയും ഇസ്രായേലും തീർച്ചയായും ഇതിനെ കുറിച്ച് അന്വേഷണം നടത്തണം. ഇരുപതോളം അമേരിക്കൻ പൗരന്മാരേയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണങ്ങൾ ഇസ്രായേലിന് മാത്രമല്ല, ലോകത്തിനാകെ ഭീഷണിയാണ്. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ പോരാടുന്നതിൽ ഇറാന്റെ പങ്ക് വ്യക്തമാണെന്നും” ബോൾട്ടൺ പറയുന്നു.
ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ബന്ദികളാക്കപ്പെട്ട എല്ലാവരുടേയും കുടുംബാംഗങ്ങളുമായും ബൈഡൻ സംസാരിച്ചു. 27 അമേരിക്കക്കാരാണ് ഹമാസ് ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. സ്വന്തം ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, അതൊരിക്കലും പ്രതികാര നടപടി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.