
ന്യൂഡൽഹി∙ ബോയിങ്
ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
എയർഇന്ത്യയും ഇൻഡിഗോയുമാണ് ബോയിങ് വിമാനങ്ങൾ ഉപയോഗിക്കുന്ന ആഭ്യന്തര വിമാനക്കമ്പനികൾ.
എയർഇന്ത്യ 50 ശതമാനം വിമാനങ്ങളിൽ പരിശോധന പൂർത്തിയാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിൽ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും പരിശോധന നടക്കുകയാണ്. അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നു വെറും 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ട്. ജൂലൈ 12ന് ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഡിജിഎസിഎയുടെ പരിശോധനാ നിർദേശം വന്നത്.
ജൂൺ 12നു നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 260 പേരാണു മരിച്ചത്. ഒരു യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വെറും ഒരു സെക്കൻഡിന്റെ ഇടവേളയിലാണ് 2 സ്വിച്ചുകളും ഓഫ് ആയത്. ഇത് പൈലറ്റ് മനഃപൂർവം ചെയ്തതാണോ അതോ സാങ്കേതികത്തകരാർ മൂലം സംഭവിച്ചതാണോ എന്നു റിപ്പോർട്ടിൽ പറയുന്നില്ല.
ഫ്യുവൽ സ്വിച്ചുകൾ എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റേയാളോടു ചോദിക്കുന്ന കോക്പിറ്റ് സംഭാഷണം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
താൻ ഓഫ് ചെയ്തിട്ടില്ലെന്നാണു മറ്റേയാളുടെ മറുപടി. കോക്പിറ്റ് സംഭാഷണത്തിന്റെ പൂർണരൂപം പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം തുടങ്ങുകയാണ്. അതിനു മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]