
മുംബൈ ∙ മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച്, പാൽഘർ ജില്ലയിലെ വിരാറിൽ ഉത്തരേന്ത്യൻ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറെ ശിവസേന
വിഭാഗം പ്രാദേശിക നേതാക്കളും പ്രവർത്തകരും മുഖത്തടിച്ച് മാപ്പ് പറയിപ്പിച്ചു. ശനിയാഴ്ചയാണു സംഭവമുണ്ടായത്.
അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിരാർ റെയിൽവേ സ്റ്റേഷനു സമീപമുള്ള റോഡിൽ വച്ചാണു ശിവസേനാ പ്രവർത്തകർ ഓട്ടോഡ്രൈവറെ വളഞ്ഞത്. തുടർന്ന് മുഖത്തടിക്കുകയും മറാഠി ഭാഷയോടും മഹാരാഷ്ട്രയോടും ഛത്രപതി ശിവാജിയോടും ഉദ്ധവ് താക്കറെയോടും മാപ്പ് പറയിപ്പിക്കുകയുമായിരുന്നു. ഡ്രൈവർ സ്വമേധയാ ഹിന്ദിയിൽ ഖേദം അറിയിച്ചെങ്കിലും വിട്ടയച്ചില്ല.
തുടർന്ന് ശിവസേനാ നേതാവ് മറാഠിയിൽ പറയുന്ന കാര്യങ്ങൾ ഏറ്റുപറയിപ്പിക്കുകയായിരുന്നു. അതിനിടെ, ചുറ്റും കൂടിയവരും ഓട്ടോക്കാരന്റെ മുഖത്തടിച്ചു.
അദ്ദേഹം പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
‘മറാഠാ വികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർഥ ശിവസേനയുടെ ശൈലിയിൽ തന്നെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾ നിശ്ശബ്ദത പാലിക്കില്ല’– ശിവസേന വിരാർ ഘടകം അധ്യക്ഷൻ ഉദയ് ജാധവ് പറഞ്ഞു.
എൻഡിഎയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പ്രൈമറി ക്ലാസുകളിൽ ഹിന്ദി മൂന്നാം ഭാഷയാക്കാൻ നടത്തിയ ശ്രമങ്ങളോടെയാണ് ഒരിടവേളയ്ക്കു ശേഷം ഭാഷാവിഷയത്തിൽ ആക്രമണസംഭവങ്ങൾ പതിവായത്.
ഹിന്ദി അടിച്ചേൽപിച്ചു മറാഠിയുടെ പ്രസക്തി ഇല്ലാതാക്കാനാണു ശ്രമമെന്ന് ആരോപിച്ച് ശിവസേനയും മഹാരാഷ്ട്ര നവനിർമാൺ സേനയും മറ്റു പ്രതിപക്ഷകക്ഷികളും പ്രതിഷേധിച്ചതിനു പിന്നാലെ ‘ഹിന്ദി ഉത്തരവ്’ സർക്കാർ പിൻവലിച്ചിരുന്നു. എന്നിട്ടും പലയിടത്തും ഇത്തരം ആക്രമണങ്ങൾ തുടരുകയാണ്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @indrajeet8080 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]