

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ നൽകിയിരുന്ന അരിയാണ് രൂപംമാറി കെ-റൈസായി വിപണിയിലെത്തുന്നത്. ശബരി – കെ റൈസ് എന്ന ബ്രാൻഡിൽ തുണി സഞ്ചിയിൽ അരിയെത്തുമ്പോൾ വിലയിലും പ്രകടമായ വ്യത്യാസമുണ്ട്. ജയ അരി-29 രൂപ, കുറുവ,മട്ട അരി -30 രൂപ എന്നതാണ് വില. സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നതിനേക്കാൾ കിലോയ്ക്ക് ഏകദേശം നാല് രൂപയാണ് കൂടുതൽ.
25 രൂപ നിരക്കിൽ 10 കിലോ അരിയാണ് മാസത്തിൽ രണ്ട് തവണയായി ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഡിപ്പോകളിൽ സബ്സിഡി ഉപഭോക്താക്കൾക്ക് നൽകാനുള്ള അത്രയും കെ- റൈസ് ഇതുവരെയും എത്തിയിട്ടില്ല. കെ-റൈസിന്റെ പാക്കിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളം ലഭിക്കാതായ ഒരു വിഭാഗം ജീവനക്കാർ ജോലി ഉപേക്ഷിച്ചത് പാക്കിംഗിനെ ബാധിച്ചിട്ടുണ്ട്.
അരിവിതരണത്തെപ്പറ്റി സപ്ലൈകോ ജീവനക്കാർക്കും ആശങ്കയുണ്ട്. ആവശ്യത്തിന് അരി എത്താത്തതാണ് കാരണം. സബ്സിഡി നിരക്കിലുള്ള അരി കെ- റൈസിന് പകരമായി തുടർന്നും നൽകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.