
തിരുവല്ല : കൈക്കൂലി വാങ്ങുന്നതിനിടെ കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിലായി. കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് തകഴി കുന്നുമ്മ ശ്രീ നിലയത്തിൽ പി.സി പ്രദീപ് കുമാറിനെയാണ് ഇന്ന് രാവിലെ 10 മണിയോടെ വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വളഞ്ഞവട്ടം സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. ഒരു മാസം മുമ്പ് മറ്റൊരാളിൽ നിന്നും വാങ്ങിയ ഭൂമിയിൽ നിലനിന്നിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റുന്നതിനായാണ് പരാതിക്കാരി പ്രദീപ് കുമാറിനെ സമീപിച്ചത്.
ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിനായി 40000 രൂപയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. അവസാനം 25000 രൂപ നൽകാമെന്ന് ധാരണയായി. ഇതിൻ പ്രകാരം ഈ മാസം എട്ടാം തീയതി പൊടിയാടി ജംഗ്ഷന് സമീപം ഓട്ടോ റിക്ഷയിൽ വെച്ച് ആദ്യ ഗഡുവായ10000 രൂപ പരാതിക്കാരി പ്രദിപിന് കൈമാറി.
രണ്ടാം ഗഡുവായ 15000 രൂപയ്ക്കായി ഉദ്യോഗസ്ഥൻ നിരന്തരമായി പരാതിക്കാരിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥർക്ക് കൂടി നൽകാനുള്ള തുകയാണെന്നും അത് കൂടി നൽകിയാലേ ഉടമസ്ഥാവകാശം മാറ്റി നൽകാനാകൂ എന്ന് പ്രദീപ് കുമാർ പരാതിക്കാരിയോട് പറഞ്ഞു. ഇതേ തുടർന്നാണ് പരാതിക്കാരി വിജിലൻസിനെ സമീപിച്ചത്. രണ്ടാം ഗഡു നൽകാനായി പ്രദീപ് കുമാറിനോട് പൊടിയാടിയിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരിയെത്തിയ കാറിൽ പൊടിയാടിയിൽ നിന്നും പ്രദിപിനെ കയറ്റി. ഫിനോഫ്തലിൻ പുരട്ടിയ പണവും വിജിലൻസ് പരാതിക്കാരിക്ക് നൽകിയിരുന്നു.
കടപ്രയിലേക്ക് പോകും വഴി പുളിക്കീഴ് പാലത്തിന് സമീപം കാർ നിർത്തി. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണം കൈമാറുന്നതിനിടെ കാറിനെ പിന്തുടർന്നിരുന്ന വിജിലൻസ് സംഘം പണമടക്കം പ്രദീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഓഫീസിൽ എത്തിച്ച പ്രദീപിന്റെ കൈകൾ രാസ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രദീപ് കുമാർ കൈകാര്യം ചെയ്തിരുന്ന സെക്ഷനിലെ ഫയലുകളടക്കം സംഘം പരിശോധിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി പ്രദീപ് സീനിയർ ക്ലർക്കായി കടപ്ര പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്തു വരികയാണ്. വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരൻ ,സി ഐ മാരായ കെ അനിൽകുമാർ , ജെ രാജീവ്, എസ് അഷ്റഫ് എന്നിവരടങ്ങുന്ന സംഘമാണ് കൈക്കൂലിക്കാരനെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]