
സംസ്ഥാനത്ത് പെരുന്നാള്‍ കഴിഞ്ഞിട്ടും താഴെ ഇറങ്ങാതെ കോഴി ഇറച്ചി വില. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി.
കഴിഞ്ഞ മാസം 200-ല്‍ താഴെയായിരുന്നു വില. പെട്ടെന്നാണ് ഇത്രയേറെ വര്‍ധിച്ചത്. ഒരാഴ്ചക്കിടെ മാത്രം 60 രൂപ കൂടി.
ചൂട് കാരണം സംസ്ഥാനത്ത് ഇറച്ചിക്കോഴി ഉല്പാദനവും തമിഴ്നാട്ടില്‍ നിന്നുള്ള വരവും ഗണ്യമായി കുറഞ്ഞതാണ് വില കുതിക്കാന്‍ കാരണമായി പറയുന്നത്. വിഷു പ്രമാണിച്ച് വില ഇനിയും കൂടുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും വില വര്‍ധന സാധാരണക്കാരെയും ഹോട്ടല്‍ ഉടമകളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. അസഹ്യമായ ചൂടാണ് വില്ലനെന്നാണ് കോഴിവ്യാപാര രംഗത്തുള്ളവര്‍ പറയുന്നത്.

തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴികള്‍ പലതും കനത്ത ചൂട് കാരണം ചത്തുപോവുന്ന സ്ഥിതിയുണ്ട്. ഇത് ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുന്നതായാണ് വിശദീകരണം.
സംസ്ഥാനത്ത് ബ്രോയിലര്‍ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതു മുതലെടുത്താണ് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികള്‍ വില കുത്തനെ ഉയര്‍ത്തുന്നത്. കോഴി ഇറച്ചി 250-260 രൂപയും പോത്തിറച്ചിക്ക് 300-380 രൂപയും ആട്ടിറച്ചിക്ക് 700-800 രൂപയുമാണ് നിലവിലെ വില.
ചൂടു കൂടുന്നതനുസരിച്ച് കോഴികള്‍ തീറ്റയെടുക്കുന്നത് കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാല്‍ തൂക്കം കുറയുന്നതായും പറയുന്നു. സംസ്ഥാനത്ത് പ്രതിദിനം 8-10 ലക്ഷം കോഴികള്‍ വരെയാണ് വില്പന നടത്തുന്നത്.
മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തില്‍ ചെറുകിട കോഴിഫാമുകള്‍ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും മറ്റും കാരണം ഇത്തരം ഫാമുകള്‍ നിലനില്പ് ഭീഷണിയിലാണ്. കേരളത്തില്‍ വില, തീറ്റ, മരുന്ന്, പരിചരണ ചെലവ് എന്നിവയടക്കം ഒരു കിലോ കോഴി ഉത്പാദിപ്പിക്കാന്‍ 90-100 ചെലവു വരുമ്ബോള്‍ തമിഴ്നാട്ടില്‍ ഇത് വളരെ കുറവുമാണ്.

വില ഉയരുന്നതിനനുസരിച്ച് ഹോട്ടലുകളിലെല്ലാം കോഴി വിഭവങ്ങള്‍ക്കും വില കൂടുന്ന സ്ഥിതിയാണ്. ഇത് സാധാരണക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാരെ ചിക്കൻ വിഭവങ്ങളില്‍ നിന്നും അകറ്റുമെന്നും വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]