സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം കോര്പ്പറേഷന് ജീവനക്കാരനായിരുന്ന കടയ്ക്കോട് വി ബിജു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്.
കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നുവെന്നും ഇവരുടെ മാനസിക പീഡനം മൂലം ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം റൂറല്‍ എസ്പിക്ക് ബിജുവിന്റെ കുടുംബം പരാതി നല്കി.
കൊല്ലം കോര്‍പ്പറേഷനില്‍ വന്‍ ബ്ലേഡ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് കോര്‍പ്പറേഷനിലെ ഡ്രൈവറായിരുന്ന ബിജുവിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഏഴ് ജീവനക്കാരുടെ പേരും ബിജു കത്തില്‍ കുറിച്ചിട്ടുണ്ട്. ഇതില്‍ പലരും കോര്‍പ്പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. താന്‍ വാങ്ങിയ തുകയുടെ അഞ്ചിരട്ടിയിലധികം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ സംഘം മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ബിജുവിന്റെ ആരോപണം. ഇവരുടെ ഭീഷണി മൂലം ജീവിക്കാനാകാത്ത അവസ്ഥയിലാണ്. തന്റെ മക്കളുടെ പഠനത്തിന് പോലും പണമില്ലെന്നും ബിജുവിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദികള്‍ ഈ ഉദ്യോഗസ്ഥരാണെന്നും കോര്‍പ്പറേഷനിലെ നിരവധി ജീവനക്കാര്‍ ബ്ലേഡ് മാഫിയയുടെ പിടിയിലാണെന്നും റൂറല്‍ എസ്പിക്ക് എഴുതിയ കത്തില്‍ ബിജു കുറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കടയ്ക്കോട് സ്വദേശിയായ ബിജുവിനെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കത്തില്‍ പേരുള്ള ഉദ്യോഗസ്ഥരില്‍ നിന്നും എഴുകോണ്‍ പൊലീസ് മൊഴിയെടുത്തു. പലിശക്കല്ല, ബിജുവിന് പണം കടം കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവര്‍ നല്കിയ മൊഴി. ബിജുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ബിന്ദുമോള്‍ കൊല്ലം റൂറല്‍ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
The post കൊല്ലം കോര്പറേഷന് ഡ്രൈവര്‍ ബിജുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; മരണകാരണം പലിശക്ക് പണം നല്കുന്ന ഉദ്യോഗസ്ഥരുടെ മാനസിക പീഡനം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]