
ജില്ലയില്‍ അവധി ദിനങ്ങളുടെ മറവില്‍ നിലം നികത്തല്‍ വ്യാപകമായതായി പരാതി. അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല താലൂക്കുകളിലാണ് നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നത്. ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതും ഇത്തരക്കാര്‍ക്ക് സഹായകമാകുന്നു. പൊലീസ്, റവന്യു അധികൃതരുടെ പ്രത്യേക സ്ക്വാഡ് നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിച്ചു.
ടിപ്പറുകളിലും കെട്ടുവള്ളങ്ങളിലും പുലര്‍ച്ചെ ഗ്രാവലെത്തിച്ചും ജെറ്റ് മോട്ടോര്‍ ഉപയോഗിച്ചുള്ള ഡ്രജ്ജിംഗിലൂടെ മണ്ണടിച്ചുമാണ് നിലംനികത്തുന്നത്. ഇതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പുറക്കാട് തൈച്ചിറ മുതല്‍ തെക്കോട്ട് നാലുചിറ പടിഞ്ഞാറുവരെ ആഴം വര്‍ദ്ധിപ്പിച്ച ദേശീയ ജലപാതയുടെ ഭാഗം നികത്തുന്നത് വ്യാപകമാണ്. പ്രദേശവാസികള്‍ റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
അവധിദിവസങ്ങളിലാണ് ഇവിടെ നിലം നികത്തല്‍ നടക്കുന്നത്. വലിയ തെങ്ങിന് കുറ്റികള്‍ ജെറ്റ് മോട്ടോര്‍ ഉപയോഗിച്ച് താഴ്ത്തി അതിന് ചുറ്റും പടുത കെട്ടി മണല്‍ നിറച്ചാണ് നികത്തുന്നത്. രാത്രികാലത്ത് കൂറ്റന്‍ മോട്ടോര്‍ ഉപയോഗിച്ച് ദേശീയജലപാതയില്‍ നിന്ന് ഡ്രജ്ജ് ചെയ്ത് മണല്‍ നിറയ്ക്കും.
പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാര്‍ത്തികള്ളി, കുമാരപുരം, പള്ളിപ്പാട്, ചിങ്ങോലി പഞ്ചായത്തുകളിലും നികത്തല്‍ വ്യാപകമാണ്. കരുവാറ്റ പഞ്ചായത്തിലെ സാന്ദ്രന്മുക്ക് ഭാഗത്ത് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച മതിലിന്റെ മറവിലാണ് നികത്തല്‍. ഹരിപ്പാട് നികത്തിയ നിലം പൂര്‍വ സ്ഥിതിയിലാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]