വൈറല്‍ പനി ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവില്ലെങ്കിലും എലിപ്പനിയെയും ഡെങ്കിയെയും പിടിച്ചുകെട്ടാനായ ആശ്വാസത്തിലാണ് മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖല. മുന്‍മാസങ്ങളെ അപേക്ഷിച്ച് ഡെങ്കി, എലിപ്പനി കേസുകള്‍ പകുതിയില്‍ താഴെയായിട്ടുണ്ട്. ഈമാസം മൂന്ന് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പൊന്നാനി, വണ്ടൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് ഡെങ്കി പനി സ്ഥിരീകരിച്ചത്. ജനുവരിയില്‍ 21 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ 11 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ആലങ്കോട്, വഴിക്കടവ്, പോരൂര്‍, കൂട്ടിലങ്ങാടി, ആലിപ്പറമ്ബ്, പൂക്കോട്ടൂര്‍, മുതുവല്ലൂര്‍, മഞ്ചേരി, തൃപ്പനച്ചി, മലപ്പുറം, വണ്ടൂര്‍ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
മണ്‍സൂണിന് പിന്നാലെ ജില്ലയില്‍ ഡെങ്കി, എലിപ്പനി കേസുകള്‍ പടിപടിയായി ഉയര്‍ന്നിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മലയോര മേഖലകളിലായിരുന്നു കൂടുതല്‍ അസുഖ ബാധിതരും. സമയബന്ധിതമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനായതാണ് രോഗ വ്യാപനം കുറച്ചത്. പ്രളയങ്ങള്‍ക്ക് ശേഷം ജില്ലയില്‍ എലിപ്പനിയും ഡെങ്കിയും സ്ഥിരമായി ഭീഷണി മുഴക്കിയിരുന്നു. ഇതിന് കുറവുണ്ടായത് ഈ വര്‍ഷമാണ്.
എലിപ്പനിയെ കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈമാസം കരുവാരക്കുണ്ടില്‍ മാത്രമാണ് ഒരുകേസ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി, എടവണ്ണ, എടക്കര, പുളിക്കല്‍, തിരുവാലി, കോഡൂര്‍ എന്നിവിടങ്ങളിലാണിത്. മുന്മാസങ്ങളില് ശരാശരി പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബറിലാണ് കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 16 എണ്ണം.
♦️ വൈറലായി പനി;
വൈറല്‍ പനി ബാധിതരുടെ എണ്ണത്തില്‍ ജില്ലയില്‍ കാര്യമായ കുറവില്ല. ഒരുദിവസം ശരാശരി 1,000ത്തിന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ മാസം 13,959 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ജനുവരിയില്‍ 41,485 പേര്‍ക്ക് വൈറല്‍ പനി ബാധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ പനി ബാധിതരുടെ എണ്ണം പരിശോധിച്ചാല്‍ ഫെബ്രുവരിയില്‍ ചെറിയ കുറവുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]