

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ദീപാവലി ആഘോഷിച്ച് സൈന്യം. ദീപങ്ങളിൽ തെളിയിച്ചും പടക്കങ്ങൾ പൊട്ടിച്ചും വളരെ ആഘോഷപരമായാണ് സൈന്യം ദീപാവലി കൊണ്ടാടിയത്. ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചില്ലെങ്കിലും അതിൽ വിഷമം ഇല്ലെന്നും സൈനികർ അറിയിച്ചു.
” ഞങ്ങൾ കുടുംബത്തിൽ നിന്നും അകലെയാണെങ്കിലും ഭാരതം ഞങ്ങളുടെ വീടും ഇവിടുത്തെ ഒരോ സഹോദരങ്ങളും, ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥരും ഞങ്ങളുടെ കുടുംബവുമാണ്. ഈ ദീപാവലി ഓരോ ഭാരതീയനൊപ്പം ഞങ്ങൾ ആഘോഷിക്കുന്നു.”- സൈനികർ പറഞ്ഞു. രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകളും നേർന്നാണ് സൈനികർ ആഘോഷങ്ങൾക്ക് തിരിത്തെളിയിച്ചത്.
സെന്റട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) 76-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും ദീപങ്ങൾ തെളിയിച്ച് ദീപാവലി ആഘോഷിച്ചു. ഈ വർഷത്തെ ദീപാവലി വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നതെങ്കിലും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. അതിനാൽ എല്ലാ ഉത്സവങ്ങളിലും ജാഗ്രത പുലർത്തുന്നുണ്ടെന്നും സിആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.