

ടെൽ അവീവ്: ഇസ്രായേൽ പൗരനായ യുവാവിനേയും കാമുകിയേയും കൊലപ്പെടുത്തിയ ശേഷം കൊലപാതക ദൃശ്യങ്ങൾ യുവാവിന്റെ അമ്മയ്ക്ക് അയച്ച് കൊടുത്ത് ഹമാസ് ഭീകരർ. യുവാവിന്റെ ഫോണിൽ തന്നെ ഈ ദൃശ്യങ്ങൾ പകർത്തിയ ശേഷമാണ് അമ്മയ്ക്ക് അയച്ചു കൊടുത്തത്. റിയാലിറ്റി ഷോ താരമായ മോർ റാദ്മിയാണ് ഹമാസിന്റെ ക്രൂരതയെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്.
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ പിന്നാലെ ആളുകളെ സഹായിക്കാനും അവർക്കായി ധനസമാഹരണത്തിനും മോർ മുന്നിട്ട് ഇറങ്ങിയിരുന്നു. ഈ സമയം ആളുകൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് സന്ദേശങ്ങളും അയച്ചിരുന്നതായി മോർ പറയുന്നു. ഈ സമയമാണ് ഈ വീഡിയോയെക്കുറിച്ച് വിവരം ലഭിക്കുന്നതെന്നും, അത് തന്നെ അങ്ങേയറ്റം തകർത്തു കളഞ്ഞുവെന്നും മോർ പറയുന്നു.
മകനേയും കാമുകിയേയും കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ആ ഭീകരർ അമ്മയ്ക്ക് അയച്ചു കൊടുത്തത്. ഇത്തരമൊരു പ്രവർത്തി അങ്ങേയറ്റം ക്രൂരമാണെന്നും മോർ പറയുന്നു. തെക്കൻ ഇസ്രായേലിലെ കഫാർ ആശയിൽ നിരവധി കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1200ലധികം പേരെയാണ് ഹമാസ് ഭീകരർ കൊലപ്പെടുത്തിയത്. 2000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 100ലധികം ആളുകളെ ഭീകരർ ബന്ദികളാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.