

സിപിഐഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് കോടികളുടെ ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര പിഴവുകൾ കണ്ടെത്തിയത്.1969 ലെ കേരള സഹകരണസംഘ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചത്. 97% ഓഹരിയും മൂന്നാർ സഹകരണ ബാങ്കിൻറെ പേരിലാണ്. യാതൊരു ഈടുമില്ലാതെ ഓവർട്രാഫ്റ്റായി മാക്സി മൂന്നാറിന് സഹകരണ ബാങ്ക് അനുവദിച്ചത് 12 കോടി 25 ലക്ഷം രൂപ. ബാങ്കിൻറെ പൊതു ഫണ്ട് ഉപയോഗിച്ച് വാങ്ങിയ നക്ഷത്ര ഹോട്ടൽ ഉൾപ്പെടെ ക്രമവിരുദ്ധമായി കരാർ ഉണ്ടാക്കി ഈ കമ്പനിക്ക് കൈമാറി. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതി ലഭിക്കാതെയാണ് ഈ കൈമാറ്റം. ഈ കരാറിൽ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ലാഭം ബാങ്കിന് നൽകണമെന്ന് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ല. ഇതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാകുമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ഉണ്ട്.