സ്വന്തം ലേഖിക
ആലുവ: വീട്ടിലിരുന്ന് പാര്‍ട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ സമ്പാദിക്കാം…
ഓണ്‍ലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്.
രണ്ടു തരം തട്ടിപ്പുകള്‍
ഫയല്‍ അറേഞ്ച് മെന്റും ഉത്പന്ന വില്പനയും വഴി പണം നേടാമെന്ന് വാഗ്ദാനവുമായി രണ്ടു വിധത്തിലാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. എസ്.എം.എസ് വഴിയോ സോഷ്യല്‍ മീഡിയാ പരസ്യം വഴിയോ ആണ് തട്ടിപ്പുസംഘം ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്.
അവര്‍ നല്കുന്ന ലിങ്കില്‍ കയറിയാല്‍ വാട്സ് ആപ്പ് പേജിലാണ് പ്രവേശിക്കും. കമ്പനി ആധികാരികമാണെന്നറിയാക്കാന്‍ ചിലരേഖകള്‍ അയച്ചു തരും. തുടര്‍ന്ന് പാന്‍കാര്‍ഡ്, ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ ആവശ്യപ്പെടും. അത് കൊടുത്താല്‍ രജിസ്ട്രേഷനായി രണ്ടായിരമോ മൂവായിരമോ അടക്കണം.
തുടര്‍ന്ന് സംഘം ഒരു ഫയല്‍ അയച്ചുതരും. അത് വീട്ടിലിരുന്ന് അവര്‍ പറയുന്നതു പോലെ പുനര്ക്രമീകരിച്ചയക്കണം. ഇത് തിരിച്ചയച്ചു കഴിയുമ്പോള്‍ ശരിയായില്ലെന്നും കമ്പനിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും കമ്പനിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഭീഷണി സന്ദേശം വരും.
പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കത്തും വരും. 25,000 മുതല്‍ ഒരു ലക്ഷം വരെയൊക്കെയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. പലരും ഭയം മൂലം പണം കൊടുത്ത് തടിയൂരും. ചിലരാകട്ടെ പരാതിയുമായി മുന്‍പോട്ടു പോകും.
സൈറ്റിലെ ഉത്പ്പന്നങ്ങള്‍ വാങ്ങി സൈറ്റ് വഴി വിറ്റ് ലാഭമുണ്ടാക്കിത്തരുന്നതാണ് മറ്റൊരു തട്ടിപ്പ്. ആദ്യം ചെറിയൊരു തുക നിക്ഷേപിപ്പിക്കും. സംഘം അവരുടെ ആപ്ലിക്കേഷനില്‍ കാണിച്ച ഉത്പ്പന്നങ്ങളിലൊന്ന് തുക ഉപയോഗിച്ച് വാങ്ങാം.
എന്നിട്ട് സൈറ്റില്‍ത്തന്നെ വില്പനയ്ക്ക് വക്കാം. ഇത് വന്‍ ലാഭത്തില്‍ വിറ്റുപോയെന്നു പറഞ്ഞ് സംഘം കമ്മിഷന് തുക അക്കൗണ്ടിലിടും. പിന്നീട് വലിയ വലിയ തുകകള്‍ മുടക്കിക്കും. ഇവ വിറ്റുപോയതിന്റെ ലാഭവും കമ്മിഷനും അറിയിക്കും.
തുടര്‍ന്ന് തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിയാതെ വരും. കമ്പനിയുമായി ബന്ധപ്പെടുമ്പോള്‍ കുറച്ചു കൂടി തുകയ്ക്കുള്ള ഉത്പ്പന്നങ്ങള്‍ വാങ്ങിയാലേ പണം പിന്‍വലിക്കാന്‍ കഴിയൂവെന്ന് അറിയിക്കും. അതില്‍ വീണ് പിന്നെയും പണം നിക്ഷേപിക്കും. വലിയൊരു സംഖ്യ മുടക്കിക്കഴിയുമ്പോഴേക്കും കമ്പനി തന്നെ അപ്രത്യക്ഷമായിട്ടുണ്ടാകും.
ഇത്തരം പരസ്യങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും ഓണ്‍ലൈനില്‍ കാണുന്ന പരസ്യങ്ങള്‍ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളും കൈമാറിയാല്‍ സാമ്പത്തിക നഷ്ട മുള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നും റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ മുന്നറിയിപ്പു നല്കി.
The post വീട്ടിലിരുന്ന് പാര്‍ട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ സമ്പാദിക്കാം…! ഇത്തരം പരസ്യങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം; മുന്നറിയിപ്പുമായി കേരള പൊലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]