

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന യുദ്ധം ആരംഭിച്ചിട്ട് അഞ്ച് നാൾ പിന്നിട്ടു. കാൺമാനില്ല, മരണപ്പെട്ടു തുടങ്ങിയ വിവരങ്ങൾക്കിടയിൽ ഇസ്രായേലിൽ നിന്ന് ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. ഇസ്രായേലിൽ നിന്ന് കാണാതായ 30 പേരെ ഗാസ അതിർത്തിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്ന വാർത്തയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി രക്തദാഹികളായ കാട്ടാളന്മാരുടെ പിടിയിൽ അകപ്പെടാതെ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇസ്രായേൽ പ്രതിരോധ സേന 30 അംഗ സംഘത്തെ കണ്ടെത്തുന്നത്. 16 ഇസ്രായേൽ പൗരന്മാരെയും 14 തായ് പൗരന്മാരെയുമാണ് അതിർത്തിയിൽ നിന്ന് കണ്ടെത്തിയത്. ഗാസയിലെ ഐൻ ഹാഷ്ലോഷയിൽ ഒളിവിൽ കഴിയുകയായിരുന്നു സംഘം.
ഇസ്രായേലിലെ പട്ടണങ്ങളിൽ ഹമാസ് ഭീകരർ ജനങ്ങളെ കൊന്നൊടുക്കുന്നതിനിടയിൽ ജീവനും കൊണ്ടോടുകയാണ് പലരും. ഒളിത്താവളങ്ങളിൽ നിരവധി ആളുകൾ ഉണ്ടെന്നാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ അനുമാനം. ഇവരെ കണ്ടെത്തുന്നതിനായി പോലീസും ഭരണകൂടവും സൈന്യവും സംയുക്തമായി ഓപ്പറേഷൻ നടത്തുന്നുണ്ട്. അത്തരത്തിൽ നടത്തിയ തിരച്ചിലിലാണ് 30 പേർ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ദൗത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് ഹോം ഫ്രണ്ട് കമാൻഡ് ഓഫീസരായ യോസി ഗ്രെയ്ബർ പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് സംഘം അറിയിച്ചു.
ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകളാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണ് കിരാതർ. വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും നിഷ്ഠൂരം വെടിവെക്കുകയും മർദ്ദിക്കുകയും ചെയ്യുന്നു. ഐഎസിനെ പോലെയും അൽ-ഖ്വയ്ദയെ പോലെയും വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ പറഞ്ഞിരുന്നു. ഭീകരത വളർത്തുന്ന ഹമാസിനെ ഭൂമുഖത്ത് നിന്ന് വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.