സ്വന്തം ലേഖകൻ
ആലപ്പുഴ: തൊഴിലാളിവര്‍ഗത്തിനൊപ്പം നിന്ന് കേരളത്തെ പുതുക്കിപ്പണിത ഗൗരിയമ്മയെക്കാള്‍ മലയാളിയെ സ്വാധീനിച്ച മറ്റൊരു വനിതയില്ല. ജീവിതം തന്നെ ഇതിഹാസമാക്കിയ ഗൗരിയമ്മയുടെ വേര്പാടിന് വ്യാഴാഴ്ച രണ്ടുവര്‍ഷം തികയുന്നു.
സമ്ബന്നതയില്‍ ജനിച്ചിട്ടും അനീതികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാട്ടത്തിന്റെ പന്ഥാവ് വെട്ടിത്തുറന്ന് പാവങ്ങളുടെ പക്ഷം ചേരുകയുമായിരുന്നു ഗൗരിയമ്മ. അയിത്തവും ജന്മിവാഴ്ചയും നിലനിന്ന ആലപ്പുഴയില്‍ കയര്‍ ഫാക്ടറിത്തൊഴിലാളികളുടെയും തോട്ടിപ്പണിക്കാരുടെയും കുടികിടപ്പുകാരുടെയും ഇടയിലേക്ക് വഴികാട്ടിയായി അവര്‍ ഇറങ്ങിവന്നു. സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയില്‍നിന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ച്, പാര്‍ട്ടിയിലെ ആദ്യപഥികര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഗൗരിയമ്മ
ദേശീയസ്വാതന്ത്ര്യസമരത്തിലും ദിവാന് സി പി രാമസ്വാമി അയ്യരുടെ കിരാതവാഴ്ചയ്ക്കെതിരെയുമുള്ള പോരാട്ടങ്ങളിലും പങ്കെടുത്തു. ഐക്യകേരള രൂപീകരണത്തിനു മുമ്ബും പിമ്ബും സമരവേദികളിലും തടവറകളിലും അവര്‍ ഏറ്റുവാങ്ങിയ കിരാതമര്ദനങ്ങള് വിവരണാതീതം.
1919 ജൂലൈ 14 നായിരുന്നു ഗൗരിയമ്മയുടെ ജനനം. ആദ്യ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല ദ്വയാംഗ മണ്ഡലത്തില്‍ ജനറല്‍ സീറ്റില്‍ മത്സരിച്ചാണ് തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. പരാജയപ്പെട്ടെങ്കിലും പിന്നീട് പലതവണ വിജയിച്ചു. 1957ല്‍ ഇ എം എസ് മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായ ഗൗരിയമ്മയ്ക്കായിരുന്നു കാര്‍ഷികബന്ധ നിയമം അവതരിപ്പിക്കാനുള്ള നിയോഗം. 1987ലെ ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് അഴിമതിനിരോധന നിയമവും വനിതാ കമീഷന് നിയമവും അവതരിപ്പിച്ചതും ഗൗരിയമ്മ തന്നെ. 50 വര്‍ഷം നിയമസഭാംഗമായി. ആറുതവണആറുതവണ മന്ത്രിയായി. മികച്ച ഭരണാധികാരിയെന്ന നിലയില്‍ കഴിവുതെളിയിച്ചു.1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പുന:സംഘടിപ്പിച്ചപ്പോള്‍ സിപിഐ എമ്മിനൊപ്പം നിന്നു. ഭര്‍ത്താവും കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി വി തോമസ് സിപിഐയിലും. വലതുപക്ഷ വ്യതിയാനത്തെയും ഇടതുപക്ഷ അതിസാഹസികതയെയും ചെറുത്തുതോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഗൗരിയമ്മ ഇടക്കാലത്ത് പാര്‍ടിയില്‍നിന്ന് അകന്നു.
അവസാനകാലത്ത് പാര്‍ട്ടിക്കൊപ്പമായിരുന്നു ഗൗരിയമ്മയുടെ മനസ്സ്. പിണറായി വിജയനും വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനുമടക്കം സിപിഐ എമ്മിലെ നേതാക്കളുമായെല്ലാം തികഞ്ഞ സൗഹൃദവും. 2016ല്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും മുമ്ബ് ഗൗരിയമ്മയെ പിണറായി സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ പിറന്നാളാണെന്നു മനസ്സിലാക്കിയ ഗൗരിയമ്മ കേക്ക് മുറിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. നിര്ഭാഗ്യവശാലാണ്നിര്ഭാഗ്യവശാലാണ്, ഒരു ഘട്ടത്തില്‍ കെ ആര് ഗൗരിയമ്മയ്ക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകേണ്ടി വന്നതെന്നും അത് അവരെ സ്നേഹിച്ചവരെ ഏറെ വേദനിപ്പിച്ചെന്നും പ്രഥമ കെ ആര് ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേരയ്ക്കു സമ്മാനിക്കവെ മുഖ്യമന്ത്രി കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞിരുന്നു.
സിപിഐ എമ്മിലേക്കു തിരികെ വരണമെന്ന അന്ത്യാഭിലാഷം സഫലമാകാതെയാണ് കെ ആര് ഗൗരിയമ്മ 2021 മെയ് 11ന് വിടപറഞ്ഞത്. 2015 ആഗസ്ത് 19ന് പി കൃഷ്ണപിള്ളദിനത്തില്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ അവര്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ ഉടലെടുത്ത ചില തര്‍ക്കങ്ങള്‍ ആ നിര്‍ണായകമായ സംഭവത്തിന് വിലങ്ങുതടിയായി. എങ്കിലും തന്റെ മൃതദേഹം പി കൃഷ്ണപിള്ളയും പുന്നപ്ര- വയലാര്‍ സമരസേനാനികളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യവിശ്രമംകൊളളുന്ന വലിയചുടുകാട്ടില്‍ സംസ്കരിക്കണമെന്നും ചെങ്കൊടി പുതപ്പിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയോട് ഗൗരിയമ്മ പറഞ്ഞിരുന്നു. എരിഞ്ഞടങ്ങുന്നതായിരുന്നില്ല ഒരു നൂറ്റാണ്ടുനീണ്ട ആ സമരതീക്ഷ്ണജീവിതം. കേരളത്തിന്റെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മകളായി, അധ്വാനിക്കുന്നവര്‍ക്ക് കരുത്തായി, പൊരുതുന്ന സ്ത്രീത്വത്തിന് മാതൃകയായി ഗൗരിയമ്മയുണ്ട്
The post കളത്തിൽപറമ്പിൽ കെ എ രാമന്റെയും പാര്‍വതിയമ്മയുടെയും മകള്‍ കെ ആര് ഗൗരി, ജനകോടികളുടെ ഗൗരിയമ്മ. കത്തിജ്വലിച്ച ആ ജീവിതത്തിന്റെ ഓർമകൾക്ക് ഇന്ന് 2 ആണ്ട് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]