
സ്വന്തം ലേഖകൻ
പാലാ : കിടങ്ങൂരിന്റെ ഗതാഗത സ്വപ്നങ്ങൾക്ക് കുതിപ്പേകി റിവർവ്യൂ ബൈപ്പാസ് റോഡ്. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിക്കും. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമാണം പൂർത്തിയായ 18 റോഡുകൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ആധുനിക നിലവാരത്തിൽ നവീകരിച്ച കിടങ്ങൂർ ബൈപാസും ഉദ്ഘാടനം ചെയ്യുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിക്കും. ഇതേസമയം കട്ടച്ചിറ ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ റോഡ് സമർപ്പണത്തിന്റെ ശിലാഫലകം മോൻസ് ജോസഫ് എം.എൽ.എ. അനാവരണം ചെയ്യും.
ഏറ്റുമാനൂർ -പാലാ സംസ്ഥാന പാതയേയും കിടങ്ങൂർ -മണർകാട് റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് മീനച്ചിലാറിന്റെ തീരത്തുകൂടി രണ്ടുകിലോമീറ്റർ ദൂരത്തിലാണ് റിവർവ്യൂ ബൈപ്പാസ് റോഡ് നിർമിച്ചിട്ടുള്ളത്. കട്ടച്ചിറ മുതൽ കിടങ്ങൂർ ചാലക്കടവ് വരെ ബി.എം. ആൻഡ് ബി.സി. ഉന്നത നിലവാരത്തിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്, ക്രാഷ് ബാറുകൾ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ 2019-ൽ അനുവദിച്ച മൂന്നുകോടി രൂപ വിനിയോഗിച്ചാണ് വികസനം നടപ്പാക്കിയത്.
അയർക്കുന്നം, മറ്റക്കര ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് അമ്പലം ജങ്ഷനിലെ പാലത്തിന് സമീപത്തുനിന്ന് തിരിഞ്ഞ് കട്ടച്ചിറയിലെത്തി ഏറ്റുമാനൂർ ഭാഗത്തേക്കും തിരിച്ചും പോകാം. ആറിന്റെ തീരത്തുകൂടിയുണ്ടായിരുന്ന റോഡ് നവീകരിച്ചാണ് റിവർവ്യൂ ബൈപ്പാസ് റോഡ് നിർമിച്ചിരിക്കുന്നത്.
2019 -ലെ ബജറ്റിൽ ഉൾപ്പെടുത്തി ബൈപ്പാസ് റോഡ് വികസന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തതിലൂടെയാണ് പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞതെന്ന് മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു.
മൂന്ന് കോടി രൂപ ചെലവിൽ പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. കട്ടച്ചിറ ചാലക്കയം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നാട്ടുകാർ സൗജന്യമായി സ്ഥലം വിട്ടു നൽകിയിരുന്നു. പഴയ റോഡ് പൂർണമായും പൊളിച്ചു മാറ്റി ജിഎസ്ബി /ഡബ്ല്യു.എം.എം ഉപയോഗിച്ച് പുതിയ അടിത്തറ നൽകി 3.80 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ഉപരിതലത്തോടെ നവീകരിച്ചു.
റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനായി ഇരുവശങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. റോഡ് സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവ ഉൾപ്പടെ എല്ലവിധ റോഡ് സുരക്ഷ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒരു കിലോമീറ്റർ ദൂരം വരുന്ന കട്ടച്ചിറ പള്ളിക്കടവ് റോഡും പൂർണമായും പൊളിച്ചുമാറ്റി നവീകരിച്ചിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]