കൊച്ചി
നടിയെ ആക്രമിച്ച കേസിൽ അന്വേഷകസംഘത്തിന് ലഭിച്ച ഓഡിയോ ക്ലിപ്പുകളിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു വാര്യർ. തുടരന്വേഷണത്തിന്റെ ഭാഗമായാണ് മഞ്ജുവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം ദിലീപിന്റേതാണോ എന്ന് സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ്, സഹോദരൻ അനൂപ്, ആലുവയിലെ ഡോ. ഹൈദരലി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളിലെ ശബ്ദം തിരിച്ചറിയാനാണ് നാല് മണിക്കൂർ നീണ്ട മൊഴിയെടുക്കൽ നടത്തിയത്. ദിലീപിന്റെ ഉൾപ്പെടെ എല്ലാവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു.
ദിലീപിന്റേതെന്ന് സംശയിക്കുന്ന നിർണായക ശബ്ദരേഖ ശനിയാഴ്ച പുറത്തുവന്നിരുന്നു. 2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത് ബൈജു ചെങ്ങമനാടുമായി ദിലീപ് നടത്തിയ 10 സെക്കൻഡ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത സംഭാഷണമാണിത്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് ശബ്ദതെളിവുകളിൽ ഇതും ഉൾപ്പെടുന്നു. ഇതിലുള്ള ശബ്ദം തന്റേതല്ലെന്നാണ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് പറഞ്ഞത്. എന്നാൽ മറ്റ് ചില സാക്ഷികളും ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. ശബ്ദരേഖ പരിശോധനയ്ക്കായി ഫോറൻസിക് ലാബിൽ അയച്ചിരിക്കുകയാണ്.
കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് മാറ്റി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ചെന്നൈയിലുള്ള കാവ്യ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂ. അസൗകര്യമുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്ന് കാവ്യ അന്വേഷകസംഘത്തോട് ആവശ്യപ്പെട്ടിരുന്നു. എഡിജിപി എസ് ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിജിറ്റൽ തെളിവുകൾ സഹിതം ചോദ്യം ചെയ്യുന്നത്.
കേസിൽ നിർണായക ശബ്ദരേഖ പൊലീസിന് നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയാകും ചോദ്യം ചെയ്യൽ. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കും. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. കേസിൽ കാവ്യക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സുരാജും കേസിലെ വിഐപി എന്ന് അറിയപ്പെടുന്ന ശരത്തും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. ഒമ്പതരമിനിറ്റ് നീളുന്ന ശബ്ദരേഖയിൽ കാവ്യയുടെ പങ്കിനെപ്പറ്റി സുരാജ് ശരത്തിനോട് സംസാരിക്കുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങൾക്ക് കാരണമെന്നും ശബ്ദരേഖയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]