തൊടുപുഴ
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആറുപേർ അറസ്റ്റിലായി. ഇടനിലക്കാരൻ കുമാരമംഗലം പഞ്ചായത്തിന് സമീപം മംഗലത്ത് രഘു(ബേബി–- 51), വർക്ക്ഷോപ്പ് ജീവനക്കാരനായ പടിഞ്ഞാറെ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ(27), തൊടുപുഴ ടൗണിൽ ലോട്ടറി വിൽപ്പനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു(43), വാഴക്കുളം കെഎസ്ഇബിയിലെ ജീവനക്കാരൻ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ സജീവ്(55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂർ തങ്കച്ചൻ(56), മലപ്പുറം പെരിന്തൽമണ്ണ ചേതന റോഡിൽ കെഎസ്ആർടിസി ഭാഗത്ത് മാളിയേക്കൽ ജോൺസൺ(50) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
അച്ഛൻ ചെറുപ്പത്തിലേ ഉപേക്ഷിച്ച പെൺകുട്ടിയും രോഗിയായ അമ്മയും ഒറ്റയ്ക്കായിരുന്നു താമസം. കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ നിർധനാവസ്ഥ അറിയാമായിരുന്നു. ഇതു മുതലെടുത്ത് ജോലി സംഘടിപ്പിച്ച് നൽകാമെന്ന് ഇയാൾ പെൺകുട്ടിക്ക് വാഗ്ദാനംനൽകി. ജോലിസംബന്ധമായ കാര്യത്തിനെന്ന് തെറ്റിധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിനുശേഷം ഒരു വർഷമായി കുട്ടിയെ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും വാഹനങ്ങളിൽ കയറ്റി ദൂരെ സ്ഥലങ്ങളിൽ കൊണ്ടുപോയും മറ്റുള്ളവർ പീഡിപ്പിച്ചു. ബേബിയുടെ പരിചയക്കാരാണ് മറ്റ് പ്രതികൾ. ഇവരിൽനിന്ന് പണം വാങ്ങിയാണ് ബേബി കുട്ടിയെ കൈമാറിയത്.
കഴിഞ്ഞദിവസം കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ചുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ആശുപത്രിയിൽ 19 വയസ്സെന്ന് പറഞ്ഞെങ്കിലും കുട്ടി ശരിയായ ജനനത്തീയതിയാണ് നൽകിയത്. ഇത് ശ്രദ്ധിച്ച ജീവനക്കാർ ഡോക്ടറെ വിവരമറിയിച്ചു. ഇവരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ലൈംഗികചൂഷണം വ്യക്തമായത്.
തുടർന്ന് തൊടുപുഴ പൊലീസിന് വിവരം കൈമാറി. തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]