കണ്ണൂർ
ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായ എസ് ആർ പി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന എസ് രാമചന്ദ്രൻപിള്ള നേതാവായും വഴികാട്ടിയായും ഇനിയും മുന്നിലുണ്ടാകും. സിപിഐ എം നിശ്ചയിച്ച പ്രായപരിധി അനുസരിച്ച് കേന്ദ്ര കമ്മിറ്റിയിൽനിന്നും പൊളിറ്റ്ബ്യൂറോയിൽനിന്നും ഒഴിയുകയാണെങ്കിലും പ്രത്യേക ക്ഷണിതാവായി കേന്ദ്ര കമ്മിറ്റിയിൽ തുടരുന്ന എസ് ആർ പി, യുവാവിന്റെ ചുറുചുറുക്കോടെ വഴികാട്ടിയായി തുടരും.
ആറുപതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിനുടമ. വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായി. 1962ൽ മാവേലിക്കരയിൽ അഭിഭാഷകനായെങ്കിലും 1968 മുതൽ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി. കേരള സ്റ്റേറ്റ് യുവജന ഫെഡറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. 1974 മുതൽ 78 വരെ കൊല്ലം ജില്ലയിലായിരുന്നു പ്രവർത്തനം. 1974ൽ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. ’80ൽ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി. ’82ൽ സംസ്ഥാന സെക്രട്ടറിയറ്റിൽ. ദേശാഭിമാനി മുഖ്യപത്രാധിപരായും പ്രവർത്തിച്ചു. 1985ൽ കേന്ദ്ര കമ്മിറ്റി ക്ഷണിതാവായി. 1986ൽ കേന്ദ്ര കമ്മിറ്റിയിലും ’89ൽ കേന്ദ്ര സെക്രട്ടറിയറ്റിലും എത്തി. 1991 മുതൽ മൂന്നുപതിറ്റാണ്ടിലേറെയായി പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയിൽ സിപിഐ എമ്മിനെ നയിച്ചു.
1996ൽ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായി. 1999ൽ പ്രസിഡന്റായി. ട്രേഡ് യൂണിയൻ ഇന്റർനാഷണലിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. കെഎസ്വൈഎഫ് നടത്തിയ പാർലമെന്റ് മാർച്ചിൽ പങ്കെടുത്തതിന് 1969ൽ തിഹാർ ജയിലിലടച്ചു. അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]