തിരുവനന്തപുരം
തുടർച്ചയായി നാലാം വർഷവും പ്രവർത്തനലാഭം കൈവരിച്ച് കെഎസ്ഇബി. 2018–-19ൽ 208 കോടി, 2019-–-20ൽ 166 കോടി, 2020-–-21ൽ 150 കോടി രൂപയുമാണ് പ്രവർത്തന ലാഭം. 2021–-22ൽ ഇത് 600 കോടിയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതിമന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികളാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങൾ മറികടന്ന് ബോർഡിനെ പ്രവർത്തനലാഭത്തിൽ എത്തിച്ചത്. പ്രസരണ വിതരണ നഷ്ടം 14 ശതമാനത്തിൽനിന്ന് 9.34 ശതമാനത്തിൽ എത്തിക്കാനായതാണ് ഇതിൽ പ്രധാനം. ഉയർന്ന പലിശയുള്ള കടങ്ങൾ ഒഴിവാക്കിയതും വിവിധ അറ്റകുറ്റ പ്രവൃത്തികൾ, ഭരണപരമായ ചെലവുകൾ നിയന്ത്രിച്ചതും നിർണായകമായി. പിന്നാലെയാണ് ഇത്തവണ 600 കോടിയുടെ പ്രവർത്തനലാഭം. കനത്ത മഴയെത്തുടർന്ന് വൈദ്യുതോൽപ്പാദനം കൂട്ടാനായതും വൈദ്യുതി പവർ എക്സ്ചേഞ്ചിൽ ഉയർന്ന വിലയ്ക്ക് വിൽക്കാനായതും അനുകൂല ഘടകങ്ങളായി. ഓഫീസർമാരും തൊഴിലാളികളും ഉത്തരവാദിത്വം കാര്യക്ഷമമായും പൂർണമായൂം നിർവഹിച്ചതും നേട്ടത്തിലേക്ക് നയിച്ചു. മാനേജ്മെന്റ് കർക്കശമായി സാമ്പത്തിക അച്ചടക്കം പാലിക്കുകയും ഉയർന്ന ചെലവിന് ഇടയാക്കുന്ന നടപടി ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ പ്രവർത്തനലാഭ തോത് ഇതിലും ഉയരുമായിരുന്നു.
ഭാവി പെൻഷൻബാധ്യത ഒഴിവാക്കിയാണ് 2018–-19 മുതൽ 2021–-22 വരെയുള്ള പ്രവർത്തനലാഭം കണക്കാക്കിയിരിക്കുന്നത്.
ജീവനക്കാരുടെ ശമ്പള ചെലവിനത്തിൽ ഉണ്ടായ കുറവാണ് 600 കോടിയിൽ പ്രവർത്തനലാഭം എത്തിയതെന്ന പ്രചാരണം തെറ്റാണെന്നും കണക്ക് വ്യക്തമാക്കുന്നു. 5639 കോടിയാണ് 2020–-21ലെ ശമ്പളച്ചെലവായി കാണിച്ചിരിക്കുന്നത്. 2021–-22ൽ ഇത് 3680 കോടി രൂപയായെന്നും കുറഞ്ഞത് ജീവനക്കാരുടെ ശമ്പള ഇനത്തിലെ ചെലവാണെന്നുമാണ് പ്രചാരണം. 2020–-21ലെ ചെലവ് ഭാവി പെൻഷൻ ബാധ്യതകൂടി ഉൾപ്പെട്ടതാണ്. 2021–-22ലേതാകട്ടെ ഇതൊഴിവാക്കി തയ്യാറാക്കിയതും. ഇന്ത്യൻ കമ്പനി നിയമപ്രകാരം ഇതുംകൂടി ഉൾപ്പെടുത്തേണ്ടതുണ്ട്.
നഷ്ടം വരുത്തിയത്
യുഡിഎഫ് സർക്കാർ
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ 2011 മുതൽ 16 വരെയുള്ള കാലയളവാണ് കെഎസ്ഇബിക്ക് വൻ സഞ്ചിത നഷ്ടം വരുത്തിയത്. ഈ കാലയളവിലേതും 2016–-17 സാമ്പത്തിക വർഷത്തിലേക്കുമായി റഗുലേറ്ററി കമീഷൻ അംഗീകരിച്ചരിക്കുന്ന സഞ്ചിത നഷ്ടം 7000 കോടി. ഇത് നികത്താനെടുത്ത വായ്പയും അതിന്റെ പലിശയും പ്രയാസം സൃഷ്ടിക്കുന്നു. നഷ്ടം വൈദ്യുതിനിരക്കിലൂടെ പിരിച്ചെടുക്കണമെന്നാണ് കേന്ദ്രസർക്കാർ താരിഫ് നയം. ആർഡിഎസ്എസ് ഗ്രാന്റ് ലഭിക്കാനും ഇത് ബാധകം. ഇതാണ് നിരക്ക് പരിഷ്കാരത്തിന് റഗുലേറ്ററി കമീഷനെ സമീപിക്കാൻ ബോർഡിനെ പ്രേരിപ്പിച്ച മുഖ്യ ഘടകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]