മുംബൈ
ബാറ്റും ബോളും മിന്നിച്ച് ഡൽഹി കൊൽക്കത്ത പിടിച്ചു. ഐപിഎൽ ക്രിക്കറ്റിൽ ഒന്നാമതുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 44 റണ്ണിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് രണ്ടാംജയം നേടി.
സ്കോർ: ഡൽഹി 5–-215, കൊൽക്കത്ത 171 (19.4).
ആദ്യം ബാറ്റ് ചെയ്ത് സ്കോർ 200 കടത്തിയതോടെ ഡൽഹി കളി പകുതി ജയിച്ചു. ഡൽഹി ബൗളർമാർ കൃത്യമായി പന്തെറിഞ്ഞതോടെ കൊൽക്കത്തയ്ക്ക് വിജയത്തിലേക്ക് ബാറ്റേന്താനായില്ല. സ്പിന്നർ കുൽദീപ് യാദവ് നാലും പേസർ ഖലീൽ അഹമ്മദ് മൂന്നും വിക്കറ്റെടുത്ത് വഴിയടച്ചു. ഓപ്പണർമാരാണ് ഡൽഹി വിജയത്തിന് അടിത്തറയിട്ടത്. ഡേവിഡ് വാർണർ 45 പന്തിൽ 61 റണ്ണെടുത്തു. പൃഥ്വിഷാ 29 പന്തിൽ 51 റൺ നേടി. ഇരുവരും 91 റണ്ണാണ് അടിച്ചെടുത്തത്. ക്യാപ്റ്റൻ ഋഷഭ് പന്ത് 27 റണ്ണിന് പുറത്തായി. ലളിത് യാദവും (1) റോവ്മാൻ പവലും (8) വേഗം മടങ്ങി. അക്സർ പട്ടേലും (22) ശാർദുൽ ഠാക്കൂറും (29) പുറത്താകാതെ സ്കോർ 200 കടത്തി.
ഓപ്പണർമാരായ അജിൻക്യ രഹാനെക്കും (8) വെങ്കിടേഷ് അയ്യർക്കും (18) മികച്ച തുടക്കം നൽകാൻ കഴിയാഞ്ഞത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (33 പന്തിൽ 54) നിതീഷ് റാണയും (20 പന്തിൽ 30) പ്രതീക്ഷ നൽകി. എന്നാൽ, ഒറ്റ ഓവർ എറിഞ്ഞ സ്പിന്നർ ലളിത് യാദവ് റാണയെ വീഴ്ത്തിയത് നിർണായകമായി. അഞ്ച് ഫോറും രണ്ട് സിക്സറുമടിച്ച ക്യാപ്റ്റനെ കുൽദീപിന്റെ പന്തിൽ കീപ്പർ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്തതോടെ കളി തിരിഞ്ഞു.
പതിനാറാം ഓവറിൽ മൂന്ന് വിക്കറ്റെടുത്ത് കുൽദീപ് കളിയുടെ നിയന്ത്രണം പൂർണമായും ഡൽഹിക്ക് നൽകി. അവസാന ഓവറിൽ ആന്ദ്രേ റസെൽ (24) കൂറ്റൻ അടിക്ക് ശ്രമിച്ചെങ്കിലും വൈകിപ്പോയി. കൊൽക്കത്തയുടെ അവസന എട്ട് വിക്കറ്റുകൾ 64 റണ്ണെടുക്കുന്നതിനിടെ പൊഴിഞ്ഞു. ശാർദുൽ ഠാക്കൂറിന് റസലിന്റേതടക്കം രണ്ട് വിക്കറ്റുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]