ഇ കെ നായനാർ നഗർ (കണ്ണൂർ)
അധഃസ്ഥിതർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി ചെങ്കൊടിയേന്തിയ സമരപോരാട്ടത്തിന്റെ ഭാഗമായി ജയിൽശിക്ഷ അനുഭവിച്ച 379 പേരാണ് സിപിഐ എം പാർടി കോൺഗ്രസിൽ പങ്കെടുത്തത്. നിരീക്ഷകരായി പങ്കെടുത്ത 77 പേരിൽ 25 പേരും തടവ് അനുഭവിച്ചിട്ടുണ്ട്. പ്രതിനിധികളുടെയെല്ലാംകൂടി ജയിൽ കാലയളവ് 128 വർഷമാണ്. കൂടുതൽ നാൾ തടവിൽ കഴിഞ്ഞത് കശ്മീരിൽനിന്നുള്ള മുഹമ്മദ് യൂസഫ് തരിഗാമിയാണ്–- ആറുവർഷം. അഞ്ചിൽ കൂടുതൽ വർഷം തടവ് അനുഭവിച്ചവർ മൂന്നുപേരുണ്ട്. 12 പേർ രണ്ടുമുതൽ അഞ്ചുവർഷംവരെയും 21 പേർ ഒന്നുമുതൽ രണ്ടുവർഷംവരെയും ജയിലിൽ കഴിഞ്ഞു. ആകെ 692 വട്ടമാണ് പ്രതിനിധികൾ ജയിലിൽ അടയ്ക്കപ്പെട്ടത്.
സമരപോരാട്ടത്തിന്റെ ഭാഗമായി 151 പ്രതിനിധികൾക്ക് ഒളിവിൽ കഴിയേണ്ടതായി വന്നു. കാന്തി ഗാംഗുലിയാണ് കൂടുതൽ കാലം ഒളിവിൽ പോയത്–- എട്ടുവർഷവും ആറുമാസവും. ഹിമാൻഷു ദാസിന് ആറുവർഷത്തിന് അടുത്തും ഗണേഷ് ശങ്കർ സിങ്, അമൽ ഹൽദർ എന്നിവർക്ക് അഞ്ചുവർഷത്തിലേറെയും ഒളിവിൽ കഴിയേണ്ടി വന്നു. പ്രതിനിധികളെല്ലാമായി ആകെ 109 വർഷം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്.
ക്രഡൻഷ്യൽ ഫോമിൽ ഇതാദ്യമായി സ്ത്രീ–-പുരുഷൻ എന്നതിനുപുറമെ ‘മറ്റുള്ളവർ’ എന്ന പേരിൽ ലിംഗസ്ഥിരീകരണം താൽപ്പര്യപ്പെടാത്തവർക്കുള്ള കോളവും ഉൾപ്പെടുത്തി. ഇതിനുപുറമെ സാമൂഹികപശ്ചാത്തല വിഭാഗത്തിൽ ഭിന്നശേഷിക്കാർ എന്ന കോളവും ഉൾപ്പെടുത്തി.
ആകെ 729 പ്രതിനിധികളും 78 നിരീക്ഷകരും കോൺഗ്രസിൽ പങ്കെടുത്തു. പ്രതിനിധികളിൽ 94 വനിതകൾ. 90 വയസ്സുള്ള പാലോളി മുഹമ്മദുകുട്ടിയാണ് പ്രായം കൂടിയ പ്രതിനിധി. 23 വയസ്സുള്ള ആര്യ രാജേന്ദ്രൻ പ്രായം കുറഞ്ഞ പ്രതിനിധി. 30 വയസ്സിൽ താഴെ ഏഴു പ്രതിനിധികളും ആറു നിരീക്ഷകരും. 30–-39 പരിധിയിൽ 21 പ്രതിനിധികളും എട്ടു നിരീക്ഷകരും. 40–-49 പ്രായപരിധിയിൽ 77, എട്ട്, 50–-59 പ്രായപരിധിയിൽ 217, 22, 60–-69 പ്രായപരിധിയിൽ 290, 24, എഴുപത് വയസ്സിനുമുകളിൽ 117, എട്ട് എന്നിങ്ങനെയാണ് യഥാക്രമം പ്രതിനിധികളും നിരീക്ഷകരും. 1951ൽ പാർടി അംഗമായ പാലോളി മുഹമ്മദുകുട്ടിക്കാണ് കൂടിയ പാർടിജീവിതം. 2017ൽ അംഗമായ ആര്യ രാജേന്ദ്രനാണ് കുറഞ്ഞ പാർടിജീവിതം.
കൂടുതൽ പാർടി കോൺഗ്രസിൽ പങ്കെടുത്തിട്ടുള്ളത് എസ് ആർ പിയും ബിമൻ ബസുവുമാണ്–- 16 വീതം. പാലോളി മുഹമ്മദുകുട്ടി, മണിക് സർക്കാർ, പി മധു, ജനാർദൻ പതി, എൻ കെ ശുക്ല, ഹരിസിങ് കാങ് എന്നിവർ 15 പാർടി കോൺഗ്രസിൽവീതം പങ്കെടുത്തു. 170 പേർ ആദ്യമായാണ് പാർടി കോൺഗ്രസിൽ.
പ്രതിനിധികളിൽ 137 പേർ തൊഴിലാളിവർഗത്തിൽനിന്നും 207 പേർ മധ്യവർഗത്തിൽനിന്നുമാണ്. മറ്റുള്ളവരുടെ വർഗപശ്ചാത്തലം ഇങ്ങനെ: കർഷകത്തൊഴിലാളി–- 51, ദരിദ്രകർഷകൻ–- 113, ഇടത്തരം കർഷകൻ–- 154, സമ്പന്ന കർഷകൻ–- 27, ഭൂ ഉടമ–- 10, ബൂർഷ്വാ–- 19, പെറ്റി ബൂർഷ്വാ–-ആറ്. 143 പേർ 1990നുശേഷം പാർടിയിൽ ചേർന്നവരാണ്. 1947–-63 കാലയളവിൽ അംഗമായ 14 പേരുണ്ട്.
ബിരുദധാരികൾ മുന്നൂറും പിജിക്കാർ 213ഉം. ദളിത് വിഭാഗത്തിൽനിന്ന് 53ഉം ആദിവാസിവിഭാഗത്തിൽനിന്ന് 42ഉം പ്രതിനിധികൾ. ക്രിസ്ത്യൻ പശ്ചാത്തലത്തിൽനിന്ന് 38 പേരും മുസ്ലിം പശ്ചാത്തലത്തിൽനിന്ന് 55 പേരും പ്രതിനിധികളായുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]