കണ്ണൂർ
കയ്യൂരടക്കം രക്തസാക്ഷിസ്മരണകൾ ഇടിമുഴക്കമായി നിറഞ്ഞുനിന്ന 23–-ാം പാർടി കോൺഗ്രസിന്റെ സമാപനച്ചടങ്ങ് ആവേശകരം. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പൊളിറ്റ്ബ്യൂറോ പ്രഖ്യാപനത്തോടെയായിരുന്നു സമാപന സെഷൻ. വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത സീതാറാം യെച്ചൂരി പാർടി കോൺഗ്രസിനെ അഭിസംബാധന ചെയ്തു. പിബിയിൽനിന്നും കേന്ദ്ര കമ്മിറ്റിയിൽനിന്നും ഒഴിഞ്ഞവർക്കുള്ള യാത്രയയപ്പും വൈകാരികമായി.
അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയ–-നേതൃ പ്രവർത്തനത്തിന്റെ കരുത്തുറ്റ അനുഭവമുള്ള എസ് രാമചന്ദ്രൻപിള്ള, ബിമൻ ബോസ്, ഹന്നൻമൊള്ള എന്നിവരെ യെച്ചൂരി ഷാൾ അണിയിച്ച് ആദരിച്ചു. മുഴങ്ങുന്ന ഇങ്ക്വിലാബ് വിളികളോടെയാണ് പിബിയിൽനിന്ന് ഒഴിഞ്ഞ മൂവർക്കും യാത്രയയപ്പ് നൽകിയത്. കമ്യൂണിസ്റ്റുകാർക്ക് വിരമിക്കലില്ല, ഇവർ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തനം തുടരും. തികഞ്ഞ ഐക്യത്തോടെയും തെളിമയോടെയുമാണ് കണ്ണൂർ പാർടി കോൺഗ്രസ് സമാപിക്കുന്നത്. സംഘപരിവാർ ശക്തികളുടെ വെല്ലുവിളി ഏറ്റെടുത്ത് പോരാട്ടം നയിക്കാൻ സിപിഐ എമ്മേ ഉള്ളൂവെന്ന പ്രഖ്യാപനംകൂടിയാണ് ഈ പാർടി കോൺഗ്രസെന്നും- യെച്ചൂരി പറഞ്ഞു.
പാർടി കോൺഗ്രസ് ചരിത്രത്തിലെ അത്യപൂർവ അനുഭവമാണ് കണ്ണൂരിലേതെന്ന് അധ്യക്ഷനായ മണിക് സർക്കാർ പറഞ്ഞു. മുഖമന്ത്രി പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മികച്ച സംഘാടനമാണ് കണ്ടത്. പാർടി കോൺഗ്രസ് കൃത്യമായി ഷെഡ്യൂൾ പൂർത്തിയാക്കാൻ കഴിഞ്ഞതും ഈ സംഘാടനമികവുകൊണ്ടാണ്. ചുവപ്പുവളന്റിയർമാർ നൽകിയ സേവനവും എടുത്തുപറയേണ്ടത്. സാർവദേശീയഗാനത്തോടെ പാർടി കോൺഗ്രസ് സമാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]