കണ്ണൂർ> ജനങ്ങളെ ഇറക്കിവിട്ട് കെ- റെയിൽ പദ്ധതി അട്ടിമറിക്കാൻ നോക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ- റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നവർക്കൊപ്പം എൽഡിഎഫ് സർക്കാരും സിപിഐ എമ്മുമുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാൽ കെ– റെയിൽ പദ്ധതി തകർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ– റെയിൽ പദ്ധതിയെ യുഡിഎഫും ബിജെപിയും എതിർക്കുന്നതിനുപിന്നിൽ സങ്കുചിതരാഷ്ട്രീയമാണ്. ഈ സർക്കാരിന്റെ കാലത്ത് കെ- റെയിൽ നടപ്പാകരുതെന്ന വാശിയാണ് എതിർപ്പിന് കാരണം. യുഡിഎഫ് ഭരണകാലത്ത് അതിവേഗപാത അവതരിപ്പിച്ചപ്പോൾ എൽഡിഎഫ് പിന്തുണച്ചു. എന്നാൽ, കെ– റെയിലിനെതിരെ കോലീബി വിപുലമായ പ്രചാരണമാണ് നടത്തുന്നത്. രാജ്യത്തെ 4000 റെയിൽവേ സ്റ്റേഷനുകളും 90 പാസഞ്ചർ ട്രെയിനുകളും വിൽക്കുന്നതിൽ ഇവർക്ക് ഒരു പ്രതിഷേധവുമില്ല. കെ- റെയിൽ അദാനിയും മറ്റും നടപ്പാക്കിയാൽ അവർ എതിർക്കുമായിരുന്നില്ല.
പൊതുമേഖലയിൽ കെ– റെയിൽ വരുന്നതാണ് പ്രശ്നം. ഇതിനായി കേരളത്തിലെ ഭൂമിയാകെ ഏറ്റെടുക്കുമെന്നാണ് പ്രചാരണം. ആകെ 1383 ഹെക്ടർ ഭൂമിമാത്രമാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ പേരിലാണ് തെറ്റിദ്ധാരണ പരത്തുന്നത്. ഇത് തിരുത്താൻ പാർടി പ്രവർത്തകർ രംഗത്തിറങ്ങണം. കോൺഗ്രസ് നേതാവ് പ്രൊഫ കെ വി തോമസ് പദ്ധതി നടപ്പാക്കണമെന്ന് പറഞ്ഞത് സ്വാഗതാർഹമാണ്. കണ്ണൂരിൽ നടന്ന സിപിഐ എം പാർടി കോൺഗ്രസ് പുതിയ അധ്യായമാണ് രചിച്ചതെന്നും കോടിയേരി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]