കണ്ണൂർ
ചുവപ്പണിഞ്ഞ ചക്രവാളത്തെയും ആവേശത്തിരയിൽ ഇരമ്പിയാർത്ത മനുഷ്യസാഗരത്തെയും സാക്ഷിയാക്കി സിപിഐ എം ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. നിത്യപ്രചോദനമായ ബലികുടീരങ്ങളെ സാക്ഷിയാക്കി നാടിന്റെ നാനാദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ പ്രഖ്യാപിച്ചു, ഇരുളടയുന്ന കാലത്ത് പ്രകാശഗോപുരമായി നമുക്കൊരു ചെങ്കൊടിയുണ്ടെന്ന്. അതീവ നിർണായകമായ രാഷ്ട്രീയസാഹചര്യത്തിൽ പാർടിയുടെയും രാജ്യത്തിന്റെയും ചരിത്രത്തിൽ ഇടംനേടിയ സിപിഐ എം 23–ാം പാർടി കോൺഗ്രസിനെ സമാനതയില്ലാത്ത ജനമുന്നേറ്റത്താൽക്കൂടിയാണ് കണ്ണൂർ കോർത്തുവച്ചത്.
തമിഴ്നാടുമുതൽ കശ്മീരിൽനിന്നുവരെയുള്ള തൊഴിലാളിവർഗ നേതാക്കൾ നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച് പിരിയുമ്പോൾ അനശ്വര രക്തസാക്ഷികളുടെ ത്യാഗസ്മരണയിൽ ചുവന്ന മണ്ണ് ആവേശത്താൽ തിളച്ചുമറിഞ്ഞു. വിവിധ ജില്ലകളിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തി. സംഘടിതമായ റാലി നിശ്ചയിക്കാതിരുന്നിട്ടും ജനലക്ഷങ്ങളാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നഗരത്തിലേക്ക് പ്രവഹിച്ചത്.
പ്രതിനിധി സമ്മേളനവേദിയായ നായനാർ അക്കാദമിയുടെ പരിസരം പുലർച്ചെമുതൽ ജനനിബിഡമായി. വെെകിട്ട് നാലോടെ ചുവപ്പുസേനാ മാർച്ച് ആരംഭിക്കുമ്പോൾ റോഡിനിരുവശവും ജനം തിങ്ങിനിറഞ്ഞു. ആദ്യം ബാൻഡ്വാദ്യ സംഘങ്ങൾ മാർച്ച് ചെയ്തു. പിന്നാലെ തുറന്ന ജീപ്പിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയനും സഞ്ചരിച്ചു. പിന്നാലെ പ്രകാശ് കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരുമെത്തി. 23 ചെങ്കൊടിയേന്തിയ വനിതകളും പ്രതിനിധികളും പിന്നാലെ നീങ്ങി. ഇതിനുപിന്നിലായാണ് ആയിരം വനിതാ വളന്റിയർമാർ ഉൾപ്പെടെയുള്ള ചുവപ്പുസേനാ മാർച്ച് എത്തിയത്. ജനം തിങ്ങിനിറഞ്ഞതിനാൽ രണ്ടു കിലോമീറ്റർ മാർച്ച് ചെയ്യാൻ മൂന്നുമണിക്കൂറിലേറെ എടുത്തു.
പൊതുസമ്മേളനവേദിയായ ജവഹർ സ്റ്റേഡിയം മണിക്കൂറുകൾക്കുമുമ്പുതന്നെ നിറഞ്ഞുകവിഞ്ഞു. ചുവപ്പുസേനയുടെ മാർച്ചിന്റെ അകമ്പടിയിൽ നേതാക്കൾ എത്തുമ്പോഴേക്കും സ്റ്റേഡിയം ഇളകിമറിഞ്ഞു. നേതാക്കളെയും വളന്റിയർമാരെയും അഭിവാദ്യം ചെയ്ത് അയൽസംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാകാതെ ആയിരങ്ങൾ പുറത്ത് തടിച്ചുകൂടി. രാജ്യത്തിന്റെ രാഷ്ട്രീയചിത്രവും പാർടി കോൺഗ്രസിന്റെ തീരുമാനങ്ങളും സംക്ഷിപ്തമായി വിവരിച്ച നേതാക്കളുടെ പ്രസംഗങ്ങളെ ആവേശപൂർവം ജനം സ്വീകരിച്ചു. സിപിഐ എം മുന്നോട്ടുവയ്ക്കുന്ന നിലപാടുകൾക്കൊപ്പം നാടുണ്ടെന്ന പ്രഖ്യാപനമായിരുന്നു അവരുടെ കരഘോഷം. കണ്ണൂരിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യവും സമരാവേശവും സംഘടനാശേഷിയും എല്ലാ അർഥത്തിലും നിറഞ്ഞുനിന്ന സമ്മേളനം പുതിയ പ്രതീക്ഷയേകി പിരിയുമ്പോൾ തെരുവുകളിൽ ചെങ്കൊടിയുമായി നിറഞ്ഞ മനുഷ്യർ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കി–- ‘വർഗീയത തുലയട്ടെ… സോഷ്യലിസം പുലരട്ടെ..!’
സമാപനസമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, മണിക് സർക്കാർ, മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]