
കണ്ണൂർ> പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുമെന്ന് സിപിഐ എം പാർടി കോൺഗ്രസ്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ശാരീരിക–-മാനസിക പീഡനം, ബലാത്സംഗമരണങ്ങൾ എന്നിവ രാജ്യത്ത് വർധിക്കുന്നു. ആർഎസ്എസ്–-ബിജെപി രാഷ്ട്രീയനേതാക്കളുടെ മൗനാനുവാദത്തോടെ ഇത്തരം സംഘങ്ങൾ വിലസുന്നു. ഇതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരണം.
ഓരോ മാസവും ഏഴ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് ഡൽഹി പൊലീസ് കണക്ക്. സ്ത്രീകൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ദുരഭിമാനക്കൊല വർധിക്കുന്നു. സ്ത്രീധനപീഡനങ്ങളും മരണങ്ങളും തുടർക്കഥയായി. സ്ത്രീകളുടെ നിരന്തരപോരാട്ടത്തെ തുടർന്നാണ് സ്ത്രീധനനിരോധന നിയമം നടപ്പാക്കിയത്. ബിജെപി ഈ നിയമത്തെ അംഗീകരിച്ചിട്ടില്ല. പുരുഷകേന്ദ്രീകൃത വ്യവസ്ഥയിൽ സ്ത്രീകളെയാണ് കുറ്റക്കാരായി കാണുന്നത്. വ്യക്തിഹത്യ ചെയ്തും ഭീഷണിപ്പെടുത്തിയും പരാതിക്കാരുടെ വായടപ്പിക്കുന്നു. ഇരകൾക്ക് കേന്ദ്രസർക്കാർ സുരക്ഷയും നിയമസഹായവും ഉറപ്പാക്കണം.
നിർഭയ ഫണ്ട് ഉപയോഗിച്ച് ബലാത്സംഗ ഇരകൾക്ക് വാസകേന്ദ്രം നിർമിക്കുമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം കടലാസിലാണ്. നിർഭയ ഫണ്ടിൽ 30 ശതമാനം വിനിയോഗിച്ചെന്നാണ് 2018ൽ ലഭിച്ച മറുപടി.നവലിബറൽ നയങ്ങൾ നടപ്പാക്കിയതിലൂടെ കൂടുതൽ ചൂഷണം നേരിടുന്ന വിഭാഗമാണ് സ്ത്രീകൾ. കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. കൊടിയ ചൂഷണത്തിനും വിധേയമാകുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സദാചാര പൊലീസ്, ലൗ ജിഹാദ്, മതപരിവർത്തനം, വസ്ത്രം എന്നിവയുടെയെല്ലാം പേരിൽ സംഘപരിവാർ കടന്നാക്രമണം നടത്തുകയാണ്. ഇതിനെതിരെ സ്ത്രീകളെയും പുരുഷന്മാരെയും അണിചേർത്ത് പോരാട്ടം നടത്തുമെന്നും പ്രമേയം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]