
കണ്ണൂർ > സിപിഐ എം പോളിറ്റ് ബ്യുറോയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ രണ്ടുപേരും ഡോക്ടർമാർ. പശ്ചിമ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമും മഹാരഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ളെയും എംബിബിഎസ് നേടി ഡോക്ടർമാരായി പ്രവർത്തിച്ച ശേഷമാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ഇവർ കൂടി എത്തിയതോടെ പതിനേഴംഗ പിബിയിൽ മൂന്നു ഡോക്ടർമാരായി. നിലവിൽ പി ബി അംഗമായ മുൻ പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറി സൂര്യകാന്ത മിശ്ര എംബിബിഎസ് ബിരുദധാരിയാണ്.
അശോക് ധാവ്ളെ എംബിബിഎസ് നേടിയ ശേഷം 1976 മുതൽ 1983വരെ വൈദ്യസേവനം നടത്തി. പിന്നീട് ആ മേഖല വിട്ട് പൊളിറ്റിക്സിൽ എംഎ നേടി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി. എസ്എഫ്ഐ അഖിലേന്ത്യാ വൈസ്പ്രസിഡന്റ്, ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ്, സിപിഐ എം മഹാരാഷ്ട്ര സംസ്ഥാനസെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. ഐതിഹാസികമായ കർഷകമാർച്ചിനും ചരിത്രം കുറിച്ച കർഷകപ്രക്ഷോഭത്തിനും നേതൃത്വം നൽകി.
1959 ഫെബ്രുവരി എട്ടിന് പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ ജനിച്ച ഡോ രാമചന്ദ്ര ഡോം കൊല്‍ക്കട്ട എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് തന്റെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. പട്ടിക വിഭാഗത്തിൽ നിന്ന് പഠിച്ചുയർന്നു വന്ന ഡോം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായും വിവിധ സയന്‍സ് ക്ലബ്ബുകളുമായും അടുത്തബന്ധം പുലര്‍ത്തി. 1989 മുതല്‍ 2009 വരെ ലോക്സഭാംഗമായിരുന്ന അദ്ദേഹം ഇക്കാലയളവില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട സമിതികളിൽ അംഗമായിരുന്നു.
1989, 1991, 1996, 1998, 1999, 2004 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാളിലെ ബിര്‍ഭും മണ്ഡലത്തില്‍ നിന്നും 2009ല്‍ ബോല്പൂര് മണ്ഡലത്തില്‍ നിന്നും അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോക്സഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) ചീഫ് വിപ്പായിരുന്നു.
പശ്ചിമ മിഡ്നാപുർ ജില്ലയിലെ നാരയൻഗഡ് സ്വദേശിയായ സൂര്യകാന്ത മിശ്ര വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നത്. കട്ടക് മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ഒഡിഷ സംസ്ഥാന കമ്മിറ്റി അംഗമായി. 1971ലാണ് പാർടി അംഗമായത്. വൈദ്യപഠനം പൂർത്തിയാക്കി മിഡ്നാപൂരിൽ തിരികെയെത്തി യുവജനപ്രസ്ഥാനത്തിൽ സജീവമായി. 1978 മുതൽ 1991 വരെ അവിഭക്ത മിഡ്നാപുർ ജില്ലാപരിഷത്ത് പ്രസിഡന്റായിരുന്നു.
1991 മുതൽ നാരയൻഗഡിൽനിന്ന് തുടർച്ചയായി അഞ്ചുതവണ നിയമസഭാംഗമായി. 1996 മുതൽ ഇടതുമുന്നണി മന്ത്രിസഭയിൽ അംഗമായി. 2011 മുതൽ 2016വരെ പ്രതിപക്ഷ നേതാവായി. 1988ലാണ് പാർടി സംസ്ഥാന കമ്മിറ്റി അംഗമായത്. 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2002ൽ ഹൈദരബാദിൽ നടന്ന 17‐ാം പാർടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 20‐ാം പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി. ഭാര്യ ഉഷ മിശ്ര പാർടി പ്രവർത്തകയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ്. രണ്ട് മക്കളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]