
കൊച്ചി: സംസ്ഥാനത്ത് 34,550 പേർ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി ‘ഓപ്പറേഷൻ യെല്ലോ’. ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ അനർഹമായി കാർഡുകൾ കൈവശം വെച്ചതായി കണ്ടെത്തിയത്. ജില്ലയിൽ 8,896 പേർ അനർഹരാണെന്ന് കണ്ടെത്തി. 5,572 പേർ അനർഹരാണെന്ന് കണ്ടെത്തിയ പത്തനംതിട്ടയാണ് ജില്ലാടിസ്ഥാനത്തിൽ രണ്ടാമത്.
2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനർഹരെയാണ് ഓപ്പറേഷൻ യെല്ലോ പദ്ധതിയിലൂടെ കണ്ടെത്തിയത്. ഇവരുടെ കാർഡുകൾ മാറ്റിയെന്നും പിഴയായി 5,17,16852.5 രൂപ ഈടാക്കിയതായും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി അനുസരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലോ 1967 എന്ന ടോൾഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. ഇപ്രകാരം ലഭ്യമായ പരാതികൾ പരിശോധിച്ച് 48 മണിക്കൂറിനുള്ളിൽ കാർഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റാനും പിഴ ഈടാക്കാനും സംവിധാനമുണ്ട്.
നിലവിൽ സംസ്ഥാനത്ത് ആകെ 93,37,202 റേഷൻ കാർഡുകൾ ആണുള്ളത്. ഇതിൽ 5,87,806 മഞ്ഞ കാർഡുകളും 35,07,394 പിങ്ക് കാർഡുകളും 23,30,272 നീല കാർഡുകളും 28,83,982 വെള്ള കാർഡുകളും 27,748 ബ്രൗൺ കാർഡുകളുമാണ്. 2022 സെപ്റ്റംബർ 13 മുതൽ 2022 ഒക്ടോബർ 31 വരെ പിങ്ക് കാർഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 73,228 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം കാർഡ് മാറ്റത്തിന് 49,394 അപേക്ഷകർ അർഹരാണെന്ന് കണ്ടെത്തി.
The post അനര്‍ഹരുടെ റേഷന്‍ കാര്‍ഡ് കണ്ടെത്താന്‍ ഊര്‍ജിത നടപടി; കൂടുതല്‍ ആലപ്പുഴയില്‍, പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പിടിച്ചെടുക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]