കണ്ണൂർ: എ.ഐ ക്യാമറയെ നോക്കി കൊഞ്ഞനം കാണിച്ചതിന് ബൈക്ക് യാത്രികന് പിഴ. പഴയങ്ങാടിയിലെ ക്യാമറയിൽ നിന്നാണ് യുവാവിന് പിഴവീണത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇയാൾ എ. ഐ ക്യാമറയെ നോക്കി 150 ലധികം തവണ അഭ്യാസ പ്രകടനങ്ങൾ കാണിച്ചിട്ടുണ്ട്. യുവാവിന് പല തവണ നിയമലംഘനത്തിന് പിഴ ലഭിച്ചിട്ടും ഇയാൾ പിഴയൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഒടുവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തിയാണ് യുവാവിനെ പിടികൂടിയത്.
പിഴ അടയ്ക്കാതെ നിരവധി തവണ യുവാവ് അറിഞ്ഞുകൊണ്ട് നിയമലംഘനം തുടരുകയും ചെയ്തു. 86,500 രൂപയാണ് ഇയാളുടെ വീട്ടിലെത്തി എം.വി.ഡി പിഴ നൽകിയത്. ഒപ്പം യുവാവിന്റെ ലൈസൻസ് ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. നിരവധി തവണ ഇയാൾ നിയമലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്ന് കണ്ണൂർ എൻഫോഴ്സ്മെൻറ് ആർടിഒ എസി ഷീബ പറഞ്ഞു.
ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കിൽ യാത്ര ചെയ്തതിനും പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാത്തതിനുമടക്കം ഇയാൾക്ക് പിഴ നൽകിയിരുന്നു. നോട്ടീസ് വന്നിട്ടും പിഴയടച്ചില്ലെന്ന് മാത്രമല്ല അതേ ക്യാമറക്ക് മുന്നിൽ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.