
പ്രഭാത വാർത്തകൾ
2024 | ജൂൺ 10 | തിങ്കൾ | ഇടവം 27
മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ രണ്ടാമനായി രാജ്നാഥ് സിങ്ങും മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. വിവിധ മേഖലകളിലെ പ്രമുഖര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്, രജനീകാന്ത് എന്നീ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മന്ത്രിമാരില്‍ പ്രമുഖരായ നിര്‍മലാ സീതരാമാന്‍, ജയശങ്കര്‍, അശ്വിനി വൈഷ്ണവ്, പീയുഷ് ഗോയല്‍ എന്നിവരും കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരാണ്. പ്രമുഖ ബിജെപി നേതാക്കളായ ശിവരാജ് സിങ് ചൗഹാന്, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും ക്യാബിനെറ്റിലെത്തി.
മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ ആകെ 71 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആകെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 5 പേര്‍ക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേര് സഹമന്ത്രിമാരാണ്. സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. 70-ാമനായി ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മോദിയുടെ നേതൃത്വത്തില്‍ മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റതോടെ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആദ്യ നേതാവായി മാറിയിരിക്കുകയാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി.
മുപ്പത് ക്യാബിനെറ്റ് മന്ത്രിമാരില്‍ ടി ഡി പിയുടെ രാം മോഹന്‍ നായിഡു, ജെ ഡി യുവിന്റെ ലല്ലന്‍ സിങ്, ലോക ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്, ജെ ഡി എസിന്റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതന്‍ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള ക്യാബിനെറ്റ് മന്ത്രിമാര്‍. ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിര്‍ത്തി. 5 പേര് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര് സഹമന്ത്രിമാരുമാണ്. നിര്‍മല സീതാരാമനും ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. തര്‍ക്കങ്ങളെ തുടര്‍ന്ന് എന്‍ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല.
മൂന്നാം മോദി മന്ത്രി സഭയില്‍ ഏഴ് വനിതാ മന്ത്രിമാര്‍. നിര്‍മല സീതരാമനും അന്നപൂര്‍ണദേവിയും ക്യാബിനറ്റ് മന്ത്രിമാരായും അനുപ്രിയ പട്ടേല്‍, ശോഭാ കരന്തലജെ, രക്ഷാ നിഖില്‍ ഖഡ്സെ, സാവിത്രി ഠാക്കൂര്‍, നിമുബെന്‍ ബാംഭാനിയ എന്നിവര്‍ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രി എന്ന നിലയില്‍ ആദ്യം ചെയ്യാന്‍ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഇനി എന്താണ് ജോലിയെന്ന് അറിയണമെന്നും വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്നെയൊന്ന് സ്വതന്ത്രമായി പറക്കാന്‍ വിടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സ്ഥാനങ്ങള്‍ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രമായേ കാണുന്നുള്ളൂവെന്നും രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിന്റെ വികസനത്തിന് ശ്രമിക്കുമെന്നും നിയുക്ത കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. എല്ലാ സമുദായത്തിന്റെയും ക്ഷേമത്തിന് വേണ്ടി് പ്രവര്‍ത്തിക്കുമെന്നും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും ജോര്‍ജ് കുര്യന് വ്യക്തമാക്കി.
ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാള് അധ്വാനിച്ചതിന്റെ അംഗീകാരമെന്ന് അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മ. മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തില്‍ വലിയ നേട്ടമായി കരുതാന്‍ സാധിക്കില്ലെന്നും അന്നമ്മ പറഞ്ഞു.നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയിലായിരുന്ന ജോര്‍ജ് കുര്യന് പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്നെ എന്‍ സി പി അജിത് പവാര്‍ പക്ഷത്തിന്റെ പ്രതിഷേധം. പുതിയ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാത്തതാണ് എന്‍ സി പിയുടെ പ്രതിഷേധത്തിന് കാരണം. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാന് ബി ജെ പി തയ്യാറാകാത്തതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയില്‍ ചേരാനില്ലെന്ന് എന്‍ സി പി വ്യക്തമാക്കി. ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന നിര്‍ദേശം ലഭിച്ചത്. യുപിഎ ഗവണ്മെന്റിന്റെ കാലത്തെ കാബിനറ്റ് മന്ത്രിപദത്തില്‍ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കിടയിലുമുണ്ടായ ആശയകുഴപ്പമാണിതെന്നും കുറച്ച് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
കേരള – കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 13 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കല്‍ ഉണ്ടായിരിക്കും. ആദ്യ ദിനം തന്നെ ബാര്‍കോഴയില്‍ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ഫോട്ടോയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ ഇന്ന് ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഇന്‍സ്ട്രക്ടമാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, ടെസ്റ്റിനുളള വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമാക്കുക, ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പ്കടര്‍ക്കുള്ള ടെസ്റ്റ് സ്ലോട്ട് 60 ആക്കിഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ബാര്‍ കോഴ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മെല്ലെപ്പോക്ക് . നയമാറ്റത്തിന് പണപ്പരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിലൂടെ അന്വേഷണം സാവധാനത്തില്‍ ആയി. ബാര്‍ ഹോട്ടല്‍ അസോസിയേഷന് സംസ്ഥാന നേതാക്കളുടെ മൊഴിയെടുപ്പ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പെരുമാറ്റ ചട്ടം മാറിയ സാഹചര്യത്തില്‍ മദ്യനയ ചര്‍ച്ചകള്‍ക്ക് ഈ ആഴ്ച തുടക്കമാകും. ഡ്രൈ ഡേ മാറ്റുന്നതിനും സമയ പരിധി നീട്ടുന്നതിനും പരോപകാരമായി പണപ്പിരിവ് നടത്തണമെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന് നേതാവ് അനിമോന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.
രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും, ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍. വയനാടുമായി രാഹുല്‍ ഗാന്ധിക്കുള്ളത് വൈകാരികമായ അടുപ്പമാണ്. റായ്ബറേലി ഗാന്ധി കുടുംബത്തിനും പാര്‍ട്ടിക്കും പ്രധാനമുള്ള മണ്ഡലമാണ്. ഇതുവരെ ഒരു സൂചനയും രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
തൃശൂരില്‍ അപകടത്തില്‍ തകര്‍ന്ന ശക്തന് തമ്പുരാന്റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിമ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി റവന്യൂ മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറിയാണ് ശക്തന് തമ്പുരാന്റെ പ്രതിമ തകര്‍ന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശക്തന് നഗറില്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.
വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനസ്പദമായ സംഭവം ഉണ്ടായത്. റോഡ് വക്കില്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയ തടികള്‍ പരിശോധിക്കവേ വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും ജീവനക്കാരെ പ്രതികള്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു. കൊച്ചുകോയിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അഞ്ചു പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയെന്ന് കെ കെ രമ എംഎല്‍എ ആരോപിച്ചു. എന്നാല്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് ജയില്‍ വകുപ്പ് വിശദീകരിച്ചു. പതിനൊന്ന് പേരില്‍ അഞ്ച് കുറ്റവാളികള്‍ക്കാണ് പരോള്‍. രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവരാണ് പുറത്തിറങ്ങിയത്.
കണ്ണൂര്‍ ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പൊലീസ് കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് റോഷി ജോസിനെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും യുഡിഎഫ് ജില്ലാ ചെയര്മാന് എംപി വിന്‍സന്റിനും രാജിവെക്കാന്‍ നിര്‍ദ്ദേശം. എഐസിസി തീരുമാനം കെപിസിസി ഇരു നേതാക്കളെയും അറിയിച്ചു. കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പിന്നോട്ട് പോയതും ഡിസിസി ഓഫീസില്‍ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]