ഏ .കെ ശ്രീകുമാർ
കോട്ടയം : ആ….ടീച്ചറമ്മ തന്നെ മതിയായിരുന്നു! രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് എഴുനേറ്റ് നിൽക്കാൻ ജീവനില്ലാത്ത വിധം ചീറ്റിപ്പോയി.
കൊട്ടാരക്കരയിൽ ഡോക്ടറെ രോഗി കുത്തിക്കൊന്ന ദുരന്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ ആക്രമണമുണ്ടായെന്ന വാർത്തയും പുറത്ത് വരുന്നത്
മെഡിക്കൽ കോളേജിലെ താത്ക്കാലിക ജീവനക്കാരിയായ നേഴ്സ് നേഹാ ജോൺനെ ആണ് രോഗി മർദ്ദിച്ചത്.
ആക്രമണത്തിൽ നേഹയുടെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനമുണ്ടായത്. ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് യാതൊരു സുരക്ഷിതത്വവും നല്കാൻ വകുപ്പിന് കഴിയുന്നില്ല.
കുറിച്ചി ഹോമിയോ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ്.
കുറിച്ചി ഹോമിയോ ആശുപത്രിയിൽ ഡീ അഡിക്ഷൻ ചികിൽസയിലുള്ളവർ കിടക്കുന്നത് ജനറൽ വാർഡിലാണ്. ഒരു രോഗി നില വിട്ട് പെരുമാറിയാൽ അവസ്ഥ ഭീകരമായിരിക്കും . മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ കോടിക്കണക്കിന് രൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി ചിലവഴിക്കുന്നത്. തുക ചിലവാക്കുന്നതല്ലാതെ ആശുപത്രി വികസിക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം
കോട്ടയം മെഡിക്കൽ കോളേജിലെ എഴുനൂറോളം താല്കാലിക ജീവനക്കാർക്ക് പത്താം തീയതി ആയിട്ടും ശമ്പളം നല്കാൻ കഴിഞ്ഞില്ല. കെഎസ്ആർടിസിയേക്കായിലും ഗതികെട്ട അവസ്ഥയിലാണ് ആരോഗ്യവകുപ്പിലെ താല്കാലിക ജീവനക്കാർ .
പനിക്ക് പോലും മരുന്നില്ലാതെയാണ് മെഡിക്കൽ കോളേജുകളടക്കം പല ആശുപത്രികളും പ്രവർത്തിക്കുന്നത്. പട്ടി കടിച്ചാൽ പേ പിടിച്ച് ചത്താലും മരുന്ന് കിട്ടില്ലന്നതാണ് വസ്തുത.
ആരോഗ്യമന്ത്രി പരാജയമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ വിളിച്ച് പറഞ്ഞത് കഴിഞ്ഞ വർഷമാണ്. ആരോഗ്യമന്ത്രിയുടെ ശ്രമം മാധ്യമ ശ്രദ്ധ നേടാനെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ പിണറായി സർക്കാരിൽ ഏറ്റവും മികച്ച മന്ത്രിക്കുള്ള അവാർഡ് നേടിയ ശൈലജ ടീച്ചറിന്റെ ഏഴയലത്ത് വീണാ ജോർജ് എത്തുന്നില്ലെന്നാണ് പൊതുജനം പറയുന്നത്.
രണ്ടാം പിണറായി സർക്കാരിൽ മന്ത്രി മാരായ വി എൻ വാസവൻ, മുഹമ്മദ് റിയാസ്, പി രാജീവ്, കെ രാജൻ, റോഷി അഗസ്റ്റിൻ തുടങ്ങി സിപിഎമ്മിൻ്റെയും വിവിധ ഘടകകക്ഷികളുടെയും മന്ത്രിമാർ മികച്ച പ്രകടനം നടത്തുമ്പോൾ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ പ്രവർത്തനം ചീറ്റിപ്പോയി എന്നതാണ് വസ്തുത.
വിണാ ജോർജിനെ വിളിച്ചാൽ ഫോൺ എടുക്കില്ലന്നും, കൂടി ആലോചനകൾ ഇല്ലന്നും മന്ത്രിയുടെ ജില്ലയിലെ എംഎൽഎ മാർ തന്നെ വിളിച്ച് പറയുന്ന സാഹചര്യവുമുണ്ടായി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര് മരിച്ച സംഭവത്തിൽ ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണവും വിവാദത്തിലായി. ഇതിനെതിരെ ഭരണകക്ഷി എംഎൽഎ മാർ തന്നെ രംഗത്തു വന്നതും വീണയ്ക്ക് ക്ഷീണമായി
ചുരുക്കി പറഞ്ഞാൽ ഇനിയെങ്കിലും തള്ള് നിർത്തി ആരോഗ്യരംഗത്ത് കാര്യക്ഷമമായി മന്ത്രി വീണാ ജോർജ് ഇടപെടണം
The post ആ….ടീച്ചറമ്മ തന്നെ മതിയായിരുന്നു! കോട്ടയം മെഡിക്കൽ കോളേജിലെ എഴുനൂറോളം ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല; പനിക്ക് പോലും മരുന്നില്ലാതെ ആശുപത്രികൾ; പട്ടി കടിച്ചാൽ പേ പിടിച്ച് ചത്താലും മരുന്ന് കിട്ടില്ല; ശൈലജ ടീച്ചറിൻ്റെ ഏഴയലത്ത് എത്താനാകാതെ വീണാ ജോർജ്ജ്; നടക്കുന്നത് “തള്ള്” മാത്രം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]