എ കെ ജി നഗർ (കണ്ണൂർ)> സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും അധികാരങ്ങളെയും നിഷ്കരുണം കവർന്നെടുത്ത് തകർക്കുന്ന കേന്ദ്ര ബിജെപി സർക്കാർ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് സിപിഐ എം പാർടി കോൺഗ്രസ് സെമിനാർ. ഏതു പ്രതിസന്ധിഘട്ടത്തിലും ജനങ്ങളെ സംരക്ഷിച്ചും അവർക്കുവേണ്ടി പോരാടിയും മുന്നേറുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ‘ഫെഡറലിസം സംരക്ഷിക്കും’ എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് രാജ്യം കേട്ടത്.
നിറഞ്ഞ വരവേൽപ്പാണ് എം കെ സ്റ്റാലിന് കണ്ണൂർ നൽകിയത്. കോൺഗ്രസ് ഭീഷണിപ്പെടുത്തി വിലക്കിയിട്ടും വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പങ്കെടുത്ത എഐസിസി അംഗം കെ വി തോമസിന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. ‘കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. നിറഞ്ഞുകവിഞ്ഞ കണ്ണൂർ എ കെ ജി നഗറിലെ (ജവഹർ സ്റ്റേഡിയം) ജനസഞ്ചയം കേന്ദ്ര അവഗണനയ്ക്കെതിരായ ശക്തമായ പ്രതിഷേധവുമായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ തനിക്ക് വഴികാട്ടിയാണ് പിണറായി വിജയനെന്നു പറഞ്ഞാണ് എം കെ സ്റ്റാലിൻ തുടങ്ങിയത്. വൈവിധ്യങ്ങൾക്ക് ഇടംനൽകുന്ന മഹത്തായ ഭരണഘടനാതത്വങ്ങളെ കാറ്റിൽപ്പറത്തുകയാണ് ബിജെപി സർക്കാർ. അതിനെതിരായി പ്രതിപക്ഷ ഐക്യം അനിവാര്യമാണ്. ഭരണഘടന ദുരുപയോഗപ്പെടുത്തി ആദ്യം പിരിച്ചുവിട്ടത് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെയാണ്. രണ്ടു പ്രാവശ്യം തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെയും പിരിച്ചുവിട്ടു. ബ്രിട്ടീഷുകാർ സ്വീകരിച്ച അതേനയങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. മതനിരപേക്ഷതയ്ക്കോ ഫെഡറലിസത്തിനോ വില കൽപ്പിക്കുന്നില്ല. സംസ്ഥാനങ്ങളെ ദുർബലമാക്കാനാണ് ശ്രമിക്കുന്നത്. അതിനെതിരായി ശക്തമായി പോരാടുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഭരണഘടനാതത്വങ്ങളോ കേന്ദ്ര–-സംസ്ഥാന കരാറുകളോ പാലിക്കാൻ കേന്ദ്രസർക്കാർ കൂട്ടാക്കുന്നില്ലെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യവൽക്കരിക്കുക എന്ന സമീപനം സ്വീകരിച്ച് മുന്നോട്ടുപോകുക പ്രധാനമാണ്. എന്നാൽ, നിലനിൽക്കുന്ന അധികാരങ്ങൾപോലും കേന്ദ്രം ഇല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയിൽ ബജറ്റ് ഇല്ലാതാക്കിയ മോദിസർക്കാർ അടിസ്ഥാന വികസന പദ്ധതികളുടെ വിഹിതങ്ങളിലടക്കം സംസ്ഥാനങ്ങളെ ഞെരുക്കുകയാണെന്ന് കെ വി തോമസ് പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന് സമരം നടത്തിയാൽപ്പോലും സംസ്ഥാനങ്ങളെ വകവയ്ക്കാത്തവരാണ് കേന്ദ്രം. ആ ഘട്ടത്തിൽ വേറിട്ടുനിന്ന് പോരാടുന്നത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും കെ വി തോമസ് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]