
കണ്ണൂർ > കേരളത്തിൽ നിന്ന് സിപിഐ എം പോളിറ്റ് ബ്യുറോയിലേക്ക് എ വിജയരാഘവൻ തെരെഞ്ഞെടുക്കപ്പെട്ടതിനു പുറമെ കേന്ദ്രകമ്മിറ്റിയിലേക്ക് നാല് പുതുമുഖങ്ങളും എത്തി. പി രാജീവ്, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ് സുജാത എന്നിവരാണ് അവർ.
എ വിജയരാഘവൻ
പോരാട്ടങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ ജനനേതാവാണ് പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എ വിജയരാഘവൻ. കർമധീരതയുടെ അനുഭവസമ്പത്തുമായാണ് ഇദ്ദേഹം വിപ്ലവപ്രസ്ഥാനത്തിന്റെ അമരത്തെത്തുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചികിത്സയിലായിരുന്നപ്പോൾ സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ ചുമതല വഹിച്ചത് എ വിജയരാഘവനായിരുന്നു. നിലവിൽ എൽഡിഎഫ് കൺവീനറും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കർഷകതൊഴിലാളിയൂനിയൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ കെഎസ്വൈഎഫിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാപ്രസിഡന്റ്, സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റംഗം, കർഷകതൊഴിലാളി യൂനിയൻ അഖിലേന്ത്യാസെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. 1989ൽ പാലക്കാട് മണ്ഡലം കൊൺഗ്രസിൽ നിന്നും പിടിച്ചെടുക്കാൻ സിപിഐ എം നിയോഗിച്ചത് എ വിജയരാഘവനെയായിരുന്നു. 1998ലും 2004ലും രാജ്യസഭാംഗമായി. പാർലമെന്റിൽ വിവിധ കമ്മിറ്റികളിൽ അംഗമായി പ്രവർത്തിച്ചു.
നിരവധിതവണ പൊലീസിന്റെ ഭീകരമർദനത്തിന് ഇരയായി. ഒട്ടേറെ പൊരാട്ടങ്ങൾക്ക് രാജ്യമാകെ നേതൃത്വം നൽകി. തൊഴിലാളികളായ മലപ്പുറം ആലമ്പാടൻ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1956 മാർച്ചിലാണ് ജനനം. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികൾ ചെയ്തു. മലപ്പുറം ഗവ. കോളേജിൽ നിന്ന് ബിഎ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാംറാങ്കോടെ വിജയിച്ചു. കോഴിക്കോട് ലോകോളേജിൽ നിന്ന് നിയമബിരുദം നേടി. എൽഎൽഎം പഠനത്തിനിടെയാണ് എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റായത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവാണ് ഭാര്യ. മകൻ: ഹരികൃഷ്ണൻ.
പി രാജീവ്
വ്യവസായ മന്ത്രി,സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. 2015ലും 2018ലും സിപിഐ എം എറണാകുളം ജില്ലാസെക്രട്ടറി. ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്നു. എസ്എഫ്ഐ ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2009 മുതൽ 2015 വരെ രാജ്യസഭാംഗവും അഷ്വറൻസ് കമ്മിറ്റി ചെയർമാനും പാനൽ ഓഫ് ചെയർമാനുമായിരുന്നു. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡർ, രാജ്യസഭയിൽ ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. 2018 ൽ ചീഫ് എഡിറ്ററായി.
‘ഭരണഘടന: ചരിത്രവും സംസ്കാരവും’, ‘ആഗോളവൽക്കരണകാലത്തെ ക്യാമ്പസ്’, ‘വിവാദങ്ങളിലെ വൈവിധ്യങ്ങൾ’, ‘കാഴ്ചവട്ടം’, ‘പുരയ്ക്കുമേൽ ചാഞ്ഞ മരം’ (മറ്റുള്ളവരുമായി ചേർന്ന്), ‘1957- ചരിത്രവും വർത്തമാനവും’ (എഡിറ്റർ), ചുവപ്പ് പടർന്ന നൂറ്റാണ്ട് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.
സ്വദേശം തൃശൂർ ജില്ലയിലെ മേലഡൂർ. ദീർഘകാലമായി കളമശേരിയിൽ സ്ഥിരതാമസം. 55ഫ വയസ്സ്. റവന്യൂ ഇൻസ്പെക്ടറായിരുന്ന പി വാസുദേവന്റെയും രാധയുടെയും മകൻ. ഭാര്യ: വാണി കേസരി ( കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വകുപ്പു മേധാവി ). മക്കൾ: ഹൃദ്യ, ഹരിത.
കെ എൻ ബാലഗോപാൽ
സംസ്ഥാന ധനമന്ത്രിയായ കെ എൻ ബാലഗോപാൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് . കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറിയായിരുന്നു. 2015 മുതൽ 2018 വരെ സി.പി.ഐ (എം) കൊല്ലം ജില്ലാ സെക്രട്ടറി. – 2010 മുതൽ 2016 വരെ രാജ്യസഭാംഗവും വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2006 മുതൽ 2010 വരെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും. ഇന്ത്യൻ പാർലമെന്റിന്റെ കോമേഴ്സ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും അംഗമാ യിരുന്നു.
രാജ്യസഭയിൽ സിപിഐ എം ഉപനേതാവായി പ്രവർത്തിച്ചു. എസ്.എഫ്.ഐ.യുടെ കൊല്ലം ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് , ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. –
പത്തനാപുരം, കലഞ്ഞൂർ മാവനാൽ പരേതരായ പി.കെ.നാരായണപ്പണിക്കരുടേയും ഒ.വി.രാധാമണിയമ്മയുടേയും മകൻ. എം.കോം, എൽ.എൽ. എം. ബിരുദധാരി. ഭാര്യ കോളേജ് അദ്ധ്യാപികയായ ആശ പ്രഭാകരൻ. മക്കൾ വിദ്യാർത്ഥികളായ കല്യാണി, ശ്രീഹരി.
പി സതീദേവി
കേരള വനിതാ കമീഷൻ അധ്യക്ഷ. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളുമാണ്. സ്ത്രീകൾക്കായുള്ള പോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ. രണ്ട് പതിറ്റാണ്ട് കോഴിക്കോട്ട് അഭിഭാഷകയായി പ്രവർത്തിച്ച പി സതീദേവി വിദ്യാർഥി – യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2004ൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു. 66 വയസ്സ്.
സിപിഐ എം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി പരേതനായ എം ദാസന്റെ ഭാര്യയാണ്.
സി എസ് സുജാത
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്. 2004ൽ മാവേലിക്കരയിൽനിന്ന് ലോക്സഭാംഗമായി തെരഞ്ഞെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, മിനിമം വേജസ് ബോർഡ് ഉപദേശക ബോർഡ് അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ആലപ്പുഴ സ്വദേശി. 57 വയസ്സ്. 1990 ൽ പ്രഥമ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമായി. 1995 മുതല്‍ 2004 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.
ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് സുമതി പിള്ളയുടേയും രാമചന്ദ്രന് നായരുടേയും മകളായി 1965 മെയ് 28ന് ജനിച്ചു. മാവേലിക്കര കോടതിയില്‍ അഭിഭാഷകയാണ്. ഭര്‍ത്താവ്: ജി ബേബി (റിട്ട.റെയില്‍വേ മജിസ്ട്രേട്ട്). മകള്‍: കാര്‍ത്തിക (യു എന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക). മരുമകന്: ആര് ശ്രീരാജ് ( ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍ ഫുട്ബോള്‍ ഇന്‍ഡസ്ട്രീസ് എംബിഎ ചെയ്യുന്നു).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]