
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദസാംപിളുകൾ മഞ്ജു തിരിച്ചറിഞ്ഞു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നിർണായക നീക്കം അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പല പ്രധാനപ്പെട്ട ശബ്ദശകലങ്ങളും സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് ഹാജരാക്കിയിരുന്നു. ദിലീപിന്റെ വീട്ടിൽ മുൻപും പിന്നീട് ഗൂഢാലോചന നടത്തിയതടക്കമുള്ള വിവിധ സംഭാഷണങ്ങൾ ഫോണുകളിൽനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദിലീപിന്റെയും മറ്റാളുകളുടെയും ശബ്ദം തിരിച്ചറിയുന്നതിനായാണ് പ്രത്യേക സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന് ദിലീപ് പറയുന്ന ഓഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അത് ദിലീപിന്റെ തന്നെയെന്ന് മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായാണ് വിവരം.
പ്രതികളുടേതെന്ന് സ്ഥിരീകരിക്കാൻ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ നടത്തിയിട്ടുള്ള സംഭാഷണങ്ങളുടെ ഓഡിയോയും മഞ്ജുവാര്യരെ കേൾപ്പിച്ചു. 15 വർഷത്തോളം ദിലീപിന്റെ ഭാര്യയായി ജീവിച്ച വ്യക്തിയാണ് മഞ്ജു. ഈ കാലയളവിലുള്ള ആളുകളെ മഞ്ജു വാര്യർക്ക് കൃത്യമായി അറിയാം. അവരുടെ ശബ്ദം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഈ സാഹചര്യത്തിലായിരുന്നു മഞ്ജുവിന്റെ മൊഴി എടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]