
എ കെ ജി നഗർ> സംസ്ഥാനങ്ങളുടെ അധികാരവും ഭരണസ്വാതന്ത്ര്യവും കവർന്നെടുക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം അനുവദിക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനങ്ങൾ വിവിധ മേഖലകളിൽ വികസന–-ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുന്നേറാൻ തുടങ്ങിയാൽ വൻ വിലങ്ങുകളിട്ട് തടയാനാണ് ശ്രമം. സംസ്ഥാനങ്ങൾ അവരുടെ പാവകളായി നിൽക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്.
കേന്ദ്രത്തിന്റെ സംസ്ഥാനവിരുദ്ധ നീക്കങ്ങൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയുക്തസമിതി ആവശ്യമാണ്. ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കാൻ യോജിക്കണം. രാജ്യം സംരക്ഷിക്കപ്പെടണമെങ്കിൽ സംസ്ഥാനങ്ങൾ സംരക്ഷിക്കപ്പെടണം. ഇന്ത്യ സംസ്ഥാനങ്ങൾ ചേർന്നുള്ള ഒരു യൂണിയനാണെന്ന കാര്യം ചിലർ മറക്കുന്നു.
വിവിധ ഭാഷ–- സംസ്കാര–- വസ്ത്രങ്ങളുള്ള രാജ്യമാണിത്. നാനാത്വത്തിൽ ഏകത്വം എന്നതാണ് തത്വം. അതാണ് ശക്തിയും. എന്നാൽ, ബിജെപി ഇതിനെയെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഒരു ഭാഷ, ഒരു വസ്ത്രം, ഒരു ഭക്ഷണം, ഒരു മതം എന്നിങ്ങനെ അപകടകരമായ ആശയം നടപ്പാക്കാനാണ് ബിജെപി നീക്കം.
രാജ്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്കുതന്നെ എതിരാണത്. കേന്ദ്ര–-സംസ്ഥാന സ്വാതന്ത്ര്യവും അധികാരവും പരസ്പരം കൈയേറാത്തവിധമാണ് ഭരണഘടനാശിൽപ്പികൾ നിയമങ്ങൾ തീർത്തത്. എന്നാൽ, കേന്ദ്രം ഭരണഘടനാപരമായ അവകാശങ്ങളുടെ എല്ലാ പരിധിയും ലംഘിച്ച് അധികാരം കൈയേറുന്നു. അത് വകവച്ചുകൊടുക്കാനാകില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]