പ്രശസ്ത തമിഴ് നോവലിസ്റ്റും മധുര എംപിയുമായ സൂ വെങ്കടേശൻ സാംസ്കാരിക സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
ബഹുസ്വരതയെ നശിപ്പിക്കാണ് കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഭക്ഷണം, വസ്ത്രധാരണം തുടങ്ങിയവയുടെ പേരിൽ പാരമ്പര്യങ്ങളെ തകർക്കുകയാണ്. ഇന്ത്യൻ ചരിത്രമായി ആര്യചരിത്രം മാത്രം എഴുതാനാണ് ശ്രമം. സാംസ്കാരികപാരമ്പര്യ ചരിത്രം തിരുത്തിയെഴുതാൻ കേന്ദ്രസർക്കാർ ഒരു സാംസ്കാരികസമിതി രൂപീകരിച്ചു. ഇതിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നോ ദളിതരിൽനിന്നോ സ്ത്രീകളിൽനിന്നോ പ്രാതിനിധ്യമില്ല. ന്യൂയോർക്കിൽനിന്നുള്ള ഒരു ബ്രാഹ്മണ സംഘടനയുടെ സെക്രട്ടറി ഈ കമ്മിറ്റിയിലുണ്ട്. സിന്ധുനാഗരികതയെ സിന്ധു-സരസ്വതി നാഗരികത എന്ന് പുനർനാമകരണം ചെയ്തു.
സംസ്കൃതം ഇന്ത്യയുടെ മാതൃഭാഷയാണെന്ന് എഴുതാൻ അവർ ആഗ്രഹിക്കുന്നു. പുരാവസ്തുവകുപ്പ് അടുത്തിടെ നടത്തിയ ഒരു കൺവൻഷനിൽ ഇന്ത്യയിലെ ക്ഷേത്രങ്ങൾ വേദങ്ങളാൽ നിർമിച്ചതാണെന്നാണ് രേഖപ്പെടുത്തിയത്. സംസ്കൃതം വളരെ പഴക്കമുള്ള ഭാഷയാണെന്ന രീതിയിൽ ചരിത്രം തിരുത്തിയെഴുതാനാണ് ശ്രമം. എന്നാൽ, സംസ്കൃതം കണ്ടെത്തുന്നതിന് 700 വർഷംമുമ്പ് തമിഴ് ഭാഷ ഉപയോഗിച്ചിരുന്നു എന്നതാണ് വസ്തുത. സംസ്കൃതത്തിന്റെ വികസനത്തിനായി സർക്കാർ വർഷംതോറും 450 കോടി വകയിരുത്തുന്നു. ഹിന്ദി ഒഴികെ മറ്റു ഭാഷകൾക്കായി നാമമാത്രമായ ഫണ്ടാണ്. ഭാവിയിൽ എല്ലാം ഹിന്ദുവും ഹിന്ദിയും ഹിന്ദുസ്ഥാനിയും ആയിരിക്കുമെന്ന് ഉറപ്പാക്കാനാണ് ബിജെപി സർക്കാർ ആഗ്രഹിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ എല്ലാ സംസ്ഥാനങ്ങളും ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന് നിർബന്ധിച്ചു.
ദൈവത്തിന്റെ പേരിലാണ് ബിജെപി രാഷ്ട്രീയം കളിക്കുന്നത്. ഭരണമുപയോഗിച്ച് ദൈവത്തിന്റെ പേരിൽ പലതരത്തിലുള്ള വേർതിരിവുകൾ സൃഷ്ടിക്കുന്നു. ആധ്യാത്മികപാരമ്പര്യത്തിൽ എവിടെയാണ് പൊതുവായ ഭക്ഷണമുള്ളത്. വ്യത്യസ്തമായ പല ഭക്ഷണങ്ങളും വിവിധ ദൈവങ്ങൾക്ക് സമർപ്പിക്കാറുണ്ട്. വിവിധ സംസ്കാരങ്ങളുടെ ഭക്ഷണരീതികളും വ്യത്യസ്തമാണ്. തന്ത്രങ്ങൾ, മന്ത്രങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ ആത്മീയവഴികളും പാരമ്പര്യങ്ങളും കേരളത്തിലും തമിഴ്നാട്ടിലുമുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. രാജ്യത്തെ ബഹുമുഖമായ സാംസ്കാരികപാരമ്പര്യങ്ങളെ സംരക്ഷിക്കാനും ഹിന്ദുത്വത്തെ എതിർക്കാനുമുള്ള മഹാപ്രസ്ഥാനമാണ് ഉയർന്നുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]