എ കെ ജി നഗർ > വികസനകാര്യത്തിൽ നിഷേധനിലപാടുള്ളവർ ഒറ്റപ്പെടുമെന്ന് മുൻ കേന്ദ്രമന്ത്രിയും എഐസിസി അംഗവുമായ കെ വി തോമസ് പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി നടന്ന ‘കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ’ വിഷയത്തിലുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനകാര്യത്തിൽ ഏത് നേതാവെന്നതല്ല, അത് നാടിന് ഗുണകരമാണോ എന്നതാണ് പ്രധാനം. അക്കാര്യത്തിൽ ഒന്നിച്ചുപോകാനാകണം.
താനൊരു കോൺഗ്രസ് കുടുംബത്തിൽനിന്നുള്ള ആളായി അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഈ സെമിനാറിൽ പങ്കെടുക്കുന്നത്. സദസ്സിനെ കാണുമ്പോൾ വന്നത് ശരിയായി എന്ന് തോന്നുന്നു. തന്റെ വരവ് കോൺഗ്രസിനും കരുത്തായെന്ന് ഇത് കാണുന്ന സഹപ്രവർത്തകർക്കും മനസ്സിലാകുമെന്നാണ് വിശ്വാസം. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുവെങ്കിൽ കേന്ദ്രനടപടികൾ വിഷയമാകുന്ന ഈ ചർച്ചയിൽ കോൺഗ്രസുകാർ പങ്കെടുക്കുകയാണ് വേണ്ടത്. പണ്ട് പാർലമെന്റിൽ എ കെ ഗോപാലന്റെ പ്രസംഗം നെഹ്റു മുഴുവനും കേൾക്കുമായിരുന്നു. ആ രീതി കോൺഗ്രസിന്റെ വികാരമാണ്.
കേരളത്തിന്റെ വളർച്ചയ്ക്കായി പിണറായി വിജയൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് അംഗീകരിക്കണം. അതിൽ രാഷ്ട്രീയം കാണുന്നില്ല. കെ–-റെയിൽ പദ്ധതിയിൽ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ പിണറായി വിജയൻ മുന്നോട്ട് കൊണ്ടുവന്ന പദ്ധതിയായതിനാൽ എതിർക്കാമെന്ന വാദം അംഗീകരിക്കാനാകില്ല. വികസനം വരുമ്പോൾ ഭൂമി ഏറ്റെടുക്കേണ്ടിവരും. നേരത്തേ വന്ന എല്ലാ പദ്ധതികളും നടപ്പാക്കിയത് അങ്ങനെയാണ്. അന്ധമായി പിന്തുണയ്ക്കുകയല്ല, ഗുണം നോക്കിയാണ് പിന്തുണ. ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പലർക്കും പൂർത്തിയാക്കാൻ കഴിയാത്ത ഗെയിൽ പദ്ധതി പൂർത്തിയാക്കിയത് അദ്ദേഹമാണ്. നല്ലത് ചെയ്താൽ നല്ലതെന്നു പറയണം.
കേന്ദ്രം സംസ്ഥാനങ്ങൾക്കുമേൽ പലരീതിയിൽ നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഈ പരിപാടി. ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. കോൺഗ്രസിനും ബാധകമാണ്. കേരളത്തിലെ എംപിമാർ ഒറ്റക്കെട്ടായി നിന്നാലേ കേന്ദ്രത്തിൽനിന്ന് എന്തെങ്കിലും ലഭിക്കൂ. ബിജെപി ഭരിക്കാത്ത കേരളം, തമിഴ്നാടുപോലുള്ള സംസ്ഥാനങ്ങളോട് കോവിഡ് സമയത്ത് വിവേചനത്തോടെയാണ് പെരുമാറിയത്. കേന്ദ്രം പ്ലാനിങ് ബോർഡ് ഇല്ലാതാക്കിയതിനെതിരെയും ശബ്ദമുയർത്തണം. ഗവർണറെ ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി സംസ്ഥാനഭരണത്തിൽ ഇടപെടുന്നു. രാഷ്ട്രീയപ്രേരിതമായി കേന്ദ്ര അന്വേഷണ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇത്തരം കാര്യങ്ങളെയെല്ലാം എതിർക്കേണ്ടതില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]