
ഇ കെ നായനാർ നഗർ> കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ചരിത്രനേട്ടങ്ങളെ പാർടി കോൺഗ്രസ് അഭിവാദ്യം ചെയ്തു. തൊഴിലാളിവർഗതാൽപ്പര്യം ഉയർത്തിപ്പിടിച്ച് ബദൽനയങ്ങൾ നടപ്പാക്കാൻ പ്രയത്നിക്കുന്ന സർക്കാരാണ് കേരളത്തിലേത്. ഇവിടത്തെ പാർടിയുടെയും മുന്നണിയുടെയും സർക്കാരിന്റെയും ശക്തി ഇന്ത്യയിലാകമാനം സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കരുത്താണ്. കൂടുതൽ കുതിക്കാനുള്ള പോരാട്ടങ്ങൾക്ക് പ്രമേയം പിന്തുണ പ്രഖ്യാപിച്ചു.
കേരളജനതയും സർക്കാരും പ്രതിസന്ധികൾക്കിടയിലും വീണ്ടെടുപ്പിനുള്ള വലിയ ശ്രമം നടത്തി. നയതീരുമാനങ്ങളുടെ കേന്ദ്രബിന്ദു ജനങ്ങളായിരുന്നു. ജനകീയപങ്കാളിത്തത്തോടെ പ്രളയത്തെയും കോവിഡിനെയും നേരിട്ട എൽഡിഎഫ് സർക്കാർ രീതി രാജ്യത്തിന്റെയും ലോകത്തിന്റെയും പ്രശംസ നേടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വികസനത്തിനും പ്രതിസന്ധികളോടുള്ള പ്രതികരണത്തിനുമുള്ള അംഗീകാരമാണ് ഭരണത്തുടർച്ച. ഇത് പാർടിക്കും ഇടതുപക്ഷമുന്നേറ്റത്തിനും വലിയ സാധ്യതകൾ തുറന്നിടുന്നു.
എൽഡിഎഫ് 2016ൽ അധികാരത്തിലെത്തിയത് വലിയ വെല്ലുവിളികൾക്ക് നടുവിലാണ്. സാമ്പത്തിക പ്രതിസന്ധി, കാർഷികമേഖലയിലെ വളർച്ച ഇടിവ്, വ്യവസായങ്ങളുടെ സ്തംഭനാവസ്ഥ, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയവയാണ് യുഡിഎഫ് ഭരണം ബാക്കിവച്ചത്. അർഹമായ കേന്ദ്രവിഹിതം ലഭിക്കാത്തതും സ്ഥിതി വഷളാക്കി.
ഓഖി ചുഴലിക്കാറ്റ്, മഹാപ്രളയം, മണ്ണിടിച്ചിൽ, നിപാ എന്നിവ വെല്ലുവിളിയായി. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയായി. ഇതിനൊപ്പം കോവിഡും വെല്ലുവിളി ഉയർത്തി. മാനുഷികവികസനത്തിൽ നേട്ടങ്ങളുടെ ആഴവും പരപ്പും വർധിപ്പിക്കുന്നതിനൊപ്പം അതിനെ അടിത്തറയാക്കി കൂടുതൽ മുന്നേറാനാണ് തീരുമാനിച്ചത്. പുതിയ തൊഴിലവസരം സൃഷ്ടിക്കാനും കൃഷി, വ്യവസായം എന്നിവയിൽനിന്നുള്ള വരുമാനം വർധിപ്പിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനും മുൻതൂക്കം നൽകി.
പൊതുവിദ്യാഭ്യാസം, ആരോഗ്യം മേഖലകളിലെ വൻ മാറ്റത്തിനൊപ്പം ലൈഫ് ഭവനപദ്ധതിയും അടിസ്ഥാനസൗകര്യ വികസനവും വ്യവസായ–-ഐടി മേഖലകളിലെ മുന്നേറ്റവും ശ്രദ്ധ നേടി. സാമൂഹ്യസുരക്ഷയ്ക്കും ലിംഗനീതി ഉറപ്പാക്കാനും സ്വീകരിച്ച നടപടിയും മാതൃക. തദ്ദേശഭരണസ്ഥാപനങ്ങളെ ശാക്തീകരിച്ചു. യുഡിഎഫിന്റെയും ബിജെപിയുടെയും സംയുക്ത എതിർപ്പിനെ നേരിട്ടാണ് ഇതെല്ലാം സാധ്യമാക്കിയത്.
നവകേരളസൃഷ്ടിക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ അടിത്തറയിട്ടു. സർക്കാരിന് രാഷ്ട്രീയ മാർഗനിർദേശം നൽകുന്ന പാർടി സംസ്ഥാന കമ്മിറ്റിയെയും പിന്തുണയേകി ഒപ്പംനിൽക്കുന്ന കേരളജനതയെയും പ്രമേയം അഭിവാദ്യം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]