കൊൽക്കത്ത> ഇന്ത്യൻ ആരോസിന്റെ കൗമാരപ്പടയെ അഞ്ചുഗോളിന് തകർത്ത് ഗോകുലം കേരള ഐ ലീഗ് ഫുട്ബോളിൽ ഒന്നാംസ്ഥാനത്ത് തുടർന്നു. തോൽവിയറിയാതെ 10 കളിയിൽ 24 പോയിന്റുണ്ട്. ആരോസിനെതിരെ സീസണിലെ ഏഴാംജയമാണ് കുറിച്ചത്. മൂന്ന് സമനിലയുമുണ്ട്.
കൊൽക്കത്ത മുഹമ്മദൻസാണ് (22) രണ്ടാമത്. ഇന്ന് പഞ്ചാബ് എഫ്സിയെ മറികടന്നാൽ മുഹമ്മദൻസ് ഒന്നാമതെത്തും.
അഹമ്മദ് വസീം റസീക്, പെനൽറ്റിയിലൂടെ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദ്, ലൂക്ക മാജ്സെൻ, എം എസ് ജിതിൻ, താഹിർ സമാൻ എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുകീഴിൽ അണിനിരക്കുന്ന ആരോസിനെതിരെ അനായാസ ജയമാണ് ഗോകുലം കുറിച്ചത്. കളിയിൽ ഒരിക്കൽപ്പോലും നിലവിലെ ചാമ്പ്യൻമാരെ പരീക്ഷിക്കാൻ ആരോസിനായില്ല. ആദ്യപകുതിയിൽ മൂന്ന് ഗോളിന് മുന്നിലെത്തിയ ഗോകുലം ഇടവേള കഴിഞ്ഞ് രണ്ടെണ്ണം കൂടിയടിച്ച് കളി തീർത്തു. 10 കളിയിൽ ഒരു ജയംമാത്രമുള്ള ആരോസ് 12–-ാം സ്ഥാനത്താണ്. 15ന് സുദേവ ഡൽഹിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]