തിരുവനന്തപുരം> വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കാൻ അസാപ് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. മലപ്പുറം തവനൂരും പത്തനംതിട്ട കുന്നന്താനത്തുമാണ് അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എൻജിനിയേഴ്സും (ഐഎസ്ഐഇ ഇന്ത്യ) ചേർന്ന് കേന്ദ്രങ്ങൾ തുടങ്ങുന്നത്. ഇവിടങ്ങളിലെ അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്സലൻസ് സജ്ജീകരിക്കുക.
എംജി മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീൻടെക് എന്നിവയുടെ സഹകരണവുമുണ്ട്. ഐഎസ്ഐഇ ഇന്ത്യയുമായി അസാപ് കേരള ധാരണപത്രം ഒപ്പുവച്ചു.ഹൈബ്രിഡ്, വൈദ്യുത വാഹന മേഖലകളിൽ രാജ്യത്തെ ആദ്യ സംരംഭമാണിത്. സാങ്കേതിക ഡിപ്ലോമ, എൻജിനിയറിങ് വിദ്യാർഥികൾക്കാണ് പരിശീലനം ലഭിക്കുക. മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പുനൽകുന്നു. പട്ടികജാതി വികസന വകുപ്പാണ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ധനസഹായം നൽകുന്നത്. പട്ടികജാതി വിദ്യാർഥികളുടെ പരിശീലനത്തിനും ധനസഹായം നൽകും.
വൈദ്യുത വാഹനങ്ങളുടെ പ്രവർത്തനം, രൂപകൽപ്പന, നിർമാണം തുടങ്ങിയവയിലെ കോഴ്സുകളാണ് പഠിപ്പിക്കുക. ഇലക്ട്രിക് വെഹിക്കിൾ പവർട്രെയിൻ സർട്ടിഫൈഡ് ഡിപ്ലോമ, ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ്, സർട്ടിഫൈഡ് ഡിപ്ലോമ ഇൻ ഇലക്ട്രിക് വെഹിക്കിൾ ഡിസൈൻ സിമുലേഷൻ ആൻഡ് കമ്പോണന്റ് സെലക്ഷൻ, എക്സിക്യൂട്ടീവ് പിജി ഇൻ ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിങ് കോഴ്സുകൾ ആദ്യഘട്ടം ആരംഭിക്കും. ഐഎസ്ഐഇയിലെ വിദഗ്ധർ പരിശീലനം നൽകും. സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ് (എസ്എംഇവി), ഓട്ടോമോട്ടീവ് സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ (എഎസ്ഡിസി) എന്നിവയാണ് സർട്ടിഫിക്കേഷനും മൂല്യനിർണയവും നടത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]