ഇ കെ നായനാർ നഗർ > പിറന്ന മണ്ണിനായി വർഷങ്ങളായി പോരാടുന്ന പലസ്തീൻ ജനതയ്ക്ക് പാർടി കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യൻ സർക്കാർ ഇസ്രയേലുമായുള്ള സൈനിക–-സുരക്ഷാ കരാറുകൾ പിൻവലിക്കണം. 1967ലെ അതിർത്തിനിർണയം അടിസ്ഥാനപ്പെടുത്തി ഈസ്റ്റ് ജറുസലേം തലസ്ഥാനമായി പലസ്തീൻ സ്റ്റേറ്റ് രൂപീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനായി 2018 മാർച്ച് 30 മുതലാണ് പലസ്തീൻ ജനത തുടർച്ചയായി പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. കോവിഡ് മഹാമാരിവരെ രണ്ടുവർഷത്തോളം ഇത് നീണ്ടു. ഇതിനിടയിൽ ഇരുനൂറ്ററുപതിലധികംപേരെ ഇസ്രയേൽ സർക്കാർ കൊന്നു. ആയിരങ്ങൾക്ക് പരിക്കേറ്റു.
ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമാക്കി എംബസി അവിടേക്ക് മാറ്റിയശേഷം പലസ്തീൻ ജനതയോടുള്ള സമീപനം ക്രൂരമാണ്. യുഎസ്എയുടെ പിന്തുണയോടെ ജ്യൂയിഷ് നാഷൻ സ്റ്റേറ്റ് നിയമം നടപ്പാക്കി.
ഇസ്രയേൽ ജനതയുടെ 21 ശതമാനംവരുന്ന അറബ് പലസ്തീനികളുടെ അവകാശങ്ങൾ നിരാകരിച്ച് അവരെ രണ്ടാംകിട പൗരന്മാരായി കാണുന്നു. പലസ്തീനികളെ ഒഴിപ്പിച്ച് ജൂതരുടെ ആവാസകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. 2.6 ദശലക്ഷത്തിലേറെ പലസ്തീനികൾ രാഷ്ട്രീയ അവകാശങ്ങളില്ലാതെ ക്രൂരമായ സൈനികനിയമത്തിനുകീഴിൽ വെസ്റ്റ് ബാങ്കിലെ ഒറ്റപ്പട്ട പ്രദേശങ്ങളിൽ കുടുങ്ങി. ഇരുനൂറ്റെൺപതിലേറെ അധിനിവേശകേന്ദ്രങ്ങൾ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സ്ഥാപിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ പലസ്തീനികൾക്ക് ഇസ്രയേൽ അധികൃതരുടെ അനുമതി വേണം.
വീട്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽനിന്ന് പലസ്തീനികളെ വേർതിരിക്കുന്ന 60 നിയമങ്ങളാണ് രൂപീകരിച്ചത്. ഏറ്റവും നീണ്ടതും ശത്രുതാമനോഭാവത്തോടെയുമുള്ള അധിനിവേശമാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ അഭിപ്രായപ്പെട്ടിരുന്നു. യുഎന്നിൽ പലസ്തീനിനെ അനുകൂലിച്ചുള്ള വോട്ടെടുപ്പിൽനിന്ന് ഇന്ത്യ ആദ്യമായി വിട്ടുനിന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷമാണ്. സയണിസത്തോട് പ്രതിബദ്ധതയുള്ള ബിജെപിയും ആർഎസ്എസും ഇസ്രയേലിനോട് ബന്ധം പങ്കുവയ്ക്കുന്നു. സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതെന്നും പ്രമേയത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]