എ കെ ജി നഗർ > ‘എല്ലാറ്റിനുമപ്പുറം എന്റെ പേര് സ്റ്റാലിൻ എന്നാണ്. നിങ്ങളും ഞാനുമായുള്ള ബന്ധത്തെക്കുറിച്ച് പറയാൻ അതിനെക്കാൾ നല്ല മറ്റൊരു വാക്കുമില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധമാണ് എനിക്കുള്ളത്. ഈ സെമിനാറിൽ പങ്കെടുക്കുന്നത് നിങ്ങളിൽ ഒരാളായാണ്’–- കണ്ണൂരിൽ തടിച്ചുകൂടിയ ജനസഞ്ചയത്തിന്റെ നിലയ്ക്കാത്ത ഹർഷാരവത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയത് ഇങ്ങനെയാണ്.
‘റെഡ് സല്യൂട്ട് കോമ്രേഡ്സ്’ എന്ന് അഭിവാദ്യം ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്. സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ അക്ഷരാർഥത്തിൽ സംഘപരിവാർവിരുദ്ധ രാഷ്ട്രീയകൂട്ടായ്മയുടെ ജനകീയവേദിയായി. ദ്രാവിഡ–-കമ്യൂണിസ്റ്റ് ഐക്യത്തിന്റെ പ്രാധാന്യം ഉറക്കെ പ്രഖ്യാപിച്ച സെമിനാർ, കേരളത്തിന്റെ ബദൽമാതൃകയെ നയിക്കുന്ന പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ, കോൺഗ്രസിന് ശരിയായ വഴി കാട്ടിക്കൊടുത്ത പ്രൊഫ. കെ വി തോമസിന്റെകൂടി സാന്നിധ്യത്തിൽ സമ്പൂർണം.
കണ്ണൂരിൽ ആവേശത്തിര ഉയർത്തിയാണ് പിണറായിക്കൊപ്പം സ്റ്റാലിൻ വേദിപങ്കിട്ടത്. ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശം ഉയർത്തിയ സ്റ്റാലിൻ, കേരളവും ഇടതുപക്ഷവും നയിക്കുന്നത് ബദൽമാതൃകയാണെന്ന് ഊന്നിപ്പറഞ്ഞു. കണ്ണൂർ ത്യാഗത്തിന്റെ ഭൂമിയാണെന്നും കമ്യൂണിസ്റ്റ് പാർടിക്ക് ഏറ്റവും അധികം രക്തസാക്ഷികളുള്ള നാടാണെന്നും അദ്ദേഹം അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിനുപിന്നാലെ സംസാരിച്ച സ്റ്റാലിന്റെ വാക്കുകളെ വലിയ ആവേശത്തോടെ ഹർഷാരവം മുഴക്കിയാണ് സദസ്സ് സ്വീകരിച്ചത്.
മലയാളത്തിലാണ് സ്റ്റാലിൻ പ്രസംഗം തുടങ്ങിയത്. ‘മുഖ്യമന്ത്രി പിണറായി വിജയൻ ഈ സെമിനാറിലേക്ക് ക്ഷണിച്ചപ്പോൾ ഞാൻ ഉടൻതന്നെ അത് സ്വീകരിച്ചു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുണ്ടായിട്ടും പല കാരണങ്ങളാൽ ഇവിടെ പങ്കെടുക്കേണ്ടത് എന്റെ കടമയാണ്. പിണറായി നൽകുന്ന സ്നേഹം ഒരു കാരണമാണ്. കേരളവും തമിഴ്നാടും തമ്മിൽ സംഘകാലംമുതൽ ബന്ധമുണ്ട്. ദ്രാവിഡ കക്ഷികളും കമ്യൂണിസ്റ്റ് പാർടിയുമായി എട്ടുപതിറ്റാണ്ടിലേറെയായി ബന്ധമുണ്ട്. 1932ൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തമിഴിലേക്ക് പെരിയാർ പരിഭാഷപ്പെടുത്തി. ഞാൻ ഒരു മുഖ്യമന്ത്രിയായോ രാഷ്ട്രീയ നേതാവായോ അല്ല ഇവിടെ പങ്കെടുക്കുന്നത്. നിങ്ങളിൽ ഒരാളായാണ്’–- സ്റ്റാലിൻ പറഞ്ഞു.
പിണറായി വഴികാട്ടി
പിണറായി വിജയൻ മതനിരപേക്ഷതയുടെ മുഖമാണെന്ന് സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി. ഭരണത്തിൽ അദ്ദേഹം തനിക്ക് വഴികാട്ടിയാണ്. ഒരു കൈയിൽ പോരാട്ടവും മറുകൈയിൽ ജനങ്ങൾക്ക് ആശ്വാസവും മുറുകെപ്പിടിച്ചാണ് അദ്ദേഹത്തിന്റെ ഭരണമെന്ന് സ്റ്റാലിൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]