രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജനപ്രിയ ഹാസ്യതാരമായിരുന്ന ഭഗവന്ത് മന്ന് ഇനി എഎപി മുഖ്യമന്ത്രി!. പഴയ കോളജ് തല പരിപാടികളിലും യുവാക്കളുടെ കോമഡി മത്സരങ്ങളിലുമെല്ലാം തമാശ പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്ന മിന്നും താരമായിരുന്നു അദ്ദേഹം. ടിവി പരിപാടികളിലൂടെ കൂടുതല്‍ പ്രശസ്തനായ ഭഗവന്ത് മന്നിന്റെ കൈമുതല്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളായിരുന്നു. 1973 ഒക്ടോബര്‍ 17ന് പഞ്ചാബിലെ സങ്ക്റൂറില്‍ മൊഹീന്ദര്‍ സിങ്ങിന്റെയും ഹര്‍പല്‍ കൗറിന്റെയും മകനായാണ് മന്നിന്റെ ജനനം.
യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സമാനമാണ് ഭഗവന്ത് മന്നിന്റെയും മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണം. സോവിയറ്റ് യൂണിയന് കാലത്തെ വ്യാവസായിക നഗരമായിരുന്ന ക്രിവി റി-ല്‍ 1978 ജനുവരിയിലാണ് വ്ളാദിമിര്‍ സെലന്‍സ്കി പിറന്നത്. പഠന കാലത്ത് തന്നെ 1997 ല്‍ ക്വര്‍താല്‍ 95 എന്ന പേരില്‍ സെലന്‍സ്കി കോമഡി ട്രൂപ്പ് തുടങ്ങിയിരുന്നു. 2003 ഓടെ ട്രൂപ്പ് ടെലിവിഷന്‍ പരിപാടികളും നിര്‍മിച്ച് തുടങ്ങി. സെലന്‍സ്കി അങ്ങനെ അറിയപ്പെടുന്ന ടെലിവിഷന്‍ താരമായി വളര്‍ന്നു.
2015 ലാണ് ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന ടിവി ഷോയില്‍ സെലന്‍സ്കി വേഷമിടുന്നത്. 2015 മുതല്‍ 2019 വരെ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി ഒരു പൊളിറ്റിക്കല്‍ സറ്റയറായിരുന്നു. ഇതിന് സമാനമാണ് ഭഗവന്ത് മന്നിന്റെയും ജീവിതം. അദ്ദേഹത്തിന്റെ പ്രധാന നമ്പര്‍ ആക്ഷേപ ഹാസ്യങ്ങളായിരുന്നു. രാഷ്ട്രീയം, ബിസിനസ്, കായികം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഭഗവന്ത് മന്ന് കോമഡി പ്രോഗ്രാമുകള്‍ ചെയ്തിരുന്നത്.
യൂത്ത് കോമഡി ഫെസ്റ്റിവലുകളിലും ഇന്റര്‍ കോളജ് മത്സരങ്ങളിലും മന്ന് വളരെ സജീവമായിരുന്നു. സുനമിലെ ഷഹീദ് ഉധം സിംഗ് ഗവണ്മെന്റ് കോളേജിനായി പട്യാലയിലെ പഞ്ചാബി യൂണിവേഴ്സിറ്റിയില്‍ നടന്ന മത്സരത്തില്‍ രണ്ട് സ്വര്‍ണ മെഡലുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു. അവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബിക്ക് വേണ്ടി ജുഗ്നു കെഹന്ദാ ഹേ എന്ന ടെലിവിഷന്‍ പ്രോഗ്രാം അവതരിപ്പിച്ചത്.
2006ല്‍ മന്നും ജഗ്ഗിയും നോ ലൈഫ് വിത്ത് വൈഫ് എന്ന ഷോയിലൂടെ കാനഡയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2008ല്‍, സ്റ്റാര്‍ പ്ലസിലെ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ചില്‍ മത്സരിച്ചതോടെയാണ് മന്നിന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ബല്‍വന്ത് ദുല്ലത്ത് സംവിധാനം ചെയ്ത ‘മെയിന്‍ മാ പഞ്ചാബ് ഡീ’ എന്ന ചിത്രത്തിലും ഭഗവന്ത് മന്ന് അഭിനയിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്വപ്നങ്ങളാണ്. അങ്ങനെ പഞ്ചാബില്‍ എ.എ.പിയുടെ ആദ്യ മുഖ്യമന്ത്രിയാവാന്‍ തയ്യാറെടുക്കുകയാണ് ജനപ്രിയ ഹാസ്യതാരമായിരുന്ന ഭഗവന്ത് മന്ന്. 59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മന്നിന്റെ വസതിക്ക് മുമ്പില്‍ അണികള്‍ ആഘോഷ പ്രകടനം നടത്തുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡ് നിലനിര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ തുടക്കം മുതലേ കോണ്‍ഗ്രസിന് കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]