

തിരുവനന്തപുരം: ക്ഷേമപെൻഷനായി കുത്തിയിരുന്ന് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, പെൻഷൻ കൊടുക്കാൻ പണം വേണ്ടെയെന്നും മന്ത്രി സജി ചെറിയാൻ. ക്ഷേമപെൻഷനായി വയോധിക റോഡിൽ കുത്തിയിരുന്നു സമരം നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല. കൊടുക്കാൻ പണം വേണ്ടേ. കേന്ദ്രത്തിൽ നിന്ന് പണം കിട്ടാതെ പദ്ധതികൾ നടക്കുമോ. അറുപതിനായിരം കോടി രൂപ ഈ വർഷം കേന്ദ്രം നൽകിയില്ല. ഡൽഹിയിൽ നടത്തിയത് കേന്ദ്ര വിരുദ്ധ സമരമല്ല. കേരളത്തിന്റെ പ്രശ്നങ്ങൾ പറയുക മാത്രമാണ് ചെയ്തത്. കേരളത്തിന് കിട്ടേണ്ട കേന്ദ്ര വിഹിതം കിട്ടണം. സംസ്ഥാനം നിലനിൽക്കാതെ കേന്ദ്രം നിലനിൽക്കുമോ എന്നും മന്ത്രി ചോദിച്ചു.അഞ്ച് മാസമായി ക്ഷേമപെൻഷൻ മുടങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഇടുക്കിയിൽ വയോധിക സമരവുമായി മുന്നോട്ട് വന്നത്. വണ്ടിപ്പെരിയാർ കുറുപ്പുപാലം സ്വദേശി പൊന്നമ്മയാണ് കഴിഞ്ഞ ദിവസം വൈകീട്ട് റോഡിൽ കസേര ഇട്ടിരുന്ന് സമരം ചെയ്തത്. തനിക്ക് ജീവിക്കാൻ പോലും മാർഗമില്ലാതെ ആയതോടെയാണ് സമരത്തിനിറങ്ങിയത് എന്നായിരുന്നു വയോധിക പറഞ്ഞത്.