ഡല്‍ഹി:ബ്രസീലിലെ പ്രക്ഷോഭത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ബോല്‍സനാരോയുടെ അനുകൂലികള്‍ നടത്തുന്ന അക്രമങ്ങളെയാണ് പ്രധാനമന്ത്രി അപലപിച്ചത്. അക്രമ സംഭവങ്ങള്‍ ആശങ്കജനകമാണ്. ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ട്. സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
അമേരിക്കയില്‍ 2021ല്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന്റെ തനിയാവര്‍ത്തനമാണ് ബ്രസീലില്‍ ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ തയ്യാറാകാതെ ബോള്‍സനാരോ അനുയായികള്‍ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ അക്രമികള്‍ അഴിഞ്ഞാടി. ജനാലച്ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. 3000ത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്.
ഇതേ സമയം തന്നെ രാജ്യത്തെ പരമോന്നത കോടതിയും ആക്രമിക്കപ്പെട്ടു. സുപ്രീംകോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കടന്നവര്‍ രേഖകള്‍ നശിപ്പിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലും അക്രമകാരികള്‍ കടന്നു കയറി. തലസ്ഥാന നഗരത്തിന്റെ തെരുവില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കലാപകാരികള്‍ വെറുതെ വിട്ടില്ല.
ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്റ് സാവോ പോളോയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു. തിരിക്കിട്ട് തിരികെ ബ്രസീലിയയിലെത്തിയ ലുല ഡ സില്‍വ മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. അക്രമകാരികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും ലുല പ്രഖ്യാപിച്ചു.
വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും ലുല തുറന്നടിച്ചു. അക്രമത്തില്‍ പങ്കില്ലെന്നും അപലപിക്കുന്നുവെന്നുമാണ് അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് കടന്ന മുന്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ പ്രതികരണം. ജനാധിപത്യ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ലുല ഡ സില്‍വയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അക്രമകാരികള്‍ തലസ്ഥാന നഗരത്തിലേക്ക് എത്തിയ 40 ബസുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. 200-ലധികം അക്രമകാരികളും പിടിയിലായിട്ടുണ്ട്. നിലവില്‍ തന്ത്ര പ്രധാന മേഖലകളെല്ലാം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
The post ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]