പാകിസ്ഥാന്റെ ക്രിക്കറ്റ് ഭൂപടത്തിലെ മികവ് ഭരണത്തിൽ ആവർത്തിക്കാനുള്ള ശ്രമം സുപ്രീംകോടതിയുടെ ഉത്തരവിനു മുന്നില്‍ പാളിയെങ്കിലും തോല്‍വി സമ്മതിക്കാതെ ഇമ്രാന്ഖാന്. പാകിസ്ഥാന്റെ 75 വർഷ ചരിത്രത്തിൽ ഇതുവരെ ഒരൊറ്റ പ്രധാനമന്ത്രിക്കും അഞ്ചുവർഷ കാലാവധി പൂർത്തിയാക്കാനായിട്ടില്ല. പാകിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത് രാജ്യത്തിന് അഭിമാനമായി മാറിയ ക്യാപ്റ്റൻ ഇമ്രാന് പക്ഷെ രാഷ്ട്രീയ ഇന്നിങ്സിൽ കാലിടറി.
ദേശീയ അസംബ്ലി പിരിച്ചുവിട്ട് ഞെട്ടിച്ചെങ്കിലും സുപ്രീംകോടതി അവിശ്വാസപ്രമേയം നേരിടാൻ വിധിച്ചതോടെ കളി സൂപ്പര്‍ഓവറിലേക്ക് മാറി. പ്രതിപക്ഷവും സ്വന്തം പാർടിയിലെ എംപിമാരും സഖ്യകക്ഷികളും ചേർന്നതോടെ അവിശ്വാസം പാസാകുമെന്ന് ഉറപ്പാണ്. എങ്കിലും സഭയിലും പുറത്തും പോരാട്ടത്തിനിറങ്ങുകയാണ് ഇമ്രാന്. ഭരണം അട്ടിമറിക്കാനുണ്ടായ അമേരിക്കന്‍ ഇടപെടല്‍ തുറന്നുകാട്ടുക, അതിലൂടെ ജനപിന്തുണ വീണ്ടും നേടുക ഇതാണ് ഇനി ഇമ്രാന്റെ തന്ത്രം. അവിശ്വാസപ്രമേയ ചര്‍ച്ച അതിനുള്ള അവസരമായി ഉപയോഗപ്പെടുത്തും.
അധികാരം നഷ്ടമാകാതിരിക്കാൻ ഏതറ്റംവരെയും പോകുമെന്ന നിലപാടാണ് ഇമ്രാൻ തുടക്കംമുതൽ സ്വീകരിച്ചത്. ഭരണനഷ്ടം മറികടക്കാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം ആദ്യഘട്ടത്തിൽ ജയിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിസന്ധികളിൽ അകപ്പെട്ട രാജ്യത്തിന്റെ രക്ഷകനാകുമെന്ന് പ്രഖ്യാപിച്ചാണ് ഇമ്രാൻ തെരഞ്ഞെടുപ്പ് നേരിട്ടത്. 342ല്‍ 149 സീറ്റുമായി പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മൂന്നു ചെറുപാർടികളെ ഒപ്പംകൂട്ടി ഭരണത്തിലേറി.
മനുഷ്യത്വത്തിലും മാനവികതയിലും ഊന്നുന്ന പാകിസ്ഥാൻ കെട്ടിപ്പടുക്കുമെന്നാണ് വിജയത്തിനുശേഷം ഇമ്രാൻ പ്രഖ്യാപിച്ചത്. എന്നാൽ, മൂന്നര വർഷത്തിനുശേഷം ഭരണത്തില്‍നിന്ന് പടിയിറക്കപ്പെടുമ്പോൾ വാഗ്ദാനങ്ങളെല്ലാം അതേപോലെ തുടരുന്നു. ഒന്നും മാറിയില്ല. ഇമ്രാന്റെ ഭരണം അഴിമതിമുക്തമായിരുന്നില്ല. വിലക്കയറ്റവും പണപ്പെരുപ്പവും സ്ഥിതി കൂടുതൽ വഷളാക്കി.
ലാഹോറിൽ ജനിച്ച ഇമ്രാൻ ജന്മനാട്ടിലും ഇംഗ്ലണ്ടിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇംഗ്ലണ്ടിലെ പഠനകാലത്താണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. ക്രിക്കറ്റ് ജീവിതത്തിനിടെ വിവിധ രാഷ്ട്രീയ പാർടികളിലേക്ക് ലഭിച്ച ക്ഷണം ഇമ്രാൻ നിരസിച്ചു.
എന്നാല്‍, 1996ൽ പിടിഐ സ്ഥാപിച്ച് രാഷ്ട്രീയത്തിലെത്തി. തീവ്രമായ മതവിശ്വാസം അടിസ്ഥാനപ്പടുത്തിയായിരുന്നു പ്രവർത്തനം. 1999ൽ പട്ടാളമേധാവിയായ പർവേസ് മുഷ്റഫ് നടത്തിയ പട്ടാള അട്ടിമറിയെ ഇമ്രാൻ പിന്തുണച്ചു. 2002ൽ മുഷ്റഫ് നടത്തിയ ജനഹിതത്തെയും പിന്തുണച്ചു. ജനാധിപത്യ പാർടികളെല്ലാം ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞ് എതിർത്തപ്പോഴായിരുന്നു ഇത്. ഇത്തരത്തിൽ അപ്രതീക്ഷിത നീക്കങ്ങളാൽ സജീവമായിരുന്ന രാഷ്ട്രീയ ഇന്നിങ്സാണ് പുതിയ വെല്ലുവിളി നേരിടുന്നത്.
‘വിദേശ ഗൂഢാലോചന’ അന്വേഷിക്കാൻ കമീഷൻ
ഇമ്രാൻ ഖാൻ സർക്കാരിനെ പുറത്താക്കാൻ “വിദേശ ഗൂഢാലോചന’ നടന്നതിന്റെ തെളിവുകൾ ശനിയാഴ്ച ദേശീയ അസംബ്ലിയിൽ ഹാജരാക്കുമെന്ന് പാക് മന്ത്രി ഫവാദ് ഫവാദ് ചൗധരി പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കാൻ കമീഷനെയും സർക്കാർ നിയോഗിച്ചു. വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. റിട്ട. ലെഫ്റ്റനന്റ് ജനറൽ താരിഖ് ഖാനാണ് അന്വേഷണച്ചുമതല. എട്ട് ദേശീയ അസംബ്ലി അംഗങ്ങൾ ഗൂഢാലോചനയിൽ പങ്കെടുത്തതായും ഫവാദ് ഫവാദ് ആരോപിച്ചു. വിദേശ എംബസികളെ ഇവർ ബന്ധപ്പെട്ട് അവിശ്വാസപ്രമേയ നീക്കത്തിന് ഇവർ നേതൃത്വം നൽകി. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ 90 ദിവസത്തിനകം കമീഷൻ അന്വേഷിച്ചുപൂർത്തിയാക്കും. പാർലമെന്റിന്റെ അധികാരം സുപ്രീംകോടതി കവരുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നവാസ് ഷെറീഫിനെ തിരിച്ചെത്തിക്കാന്‍ നീക്കം
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ പ്രസിഡന്റ് ആരിഫ് അൽവിയെയും പുറത്താക്കാൻ പ്രതിപക്ഷ നീക്കം. പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചര്‍ച്ച പ്രതിപക്ഷം തുടങ്ങി. ലണ്ടനില്‍ അഭയംതേടിയ മുൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫിനെ രാജ്യത്ത് തിരിച്ചെത്തിക്കാനും നീക്കമുണ്ടെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ മുസ്ലിംലീഗ് നവാസ് (പിഎംഎൽഎൻ) നേതാവും പ്രതിപക്ഷനേതാവുമായ ഷഹബാസ് ഷെറീഫാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി. ഇദ്ദേഹം സ്ഥാനമേറ്റശേഷം പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്നും ഇതിൽ എല്ലാ പ്രതിപക്ഷ പാർടികൾക്കും പ്രാതിനിധ്യം നൽകുമെന്നും ‘ദ എക്സ്പ്രസ് ട്രിബ്യൂണൽ’ റിപ്പോർട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]