ദേശീയവാദിയാകാതെ ദേശസ്നേഹിയാകാനാണ് പരിശ്രമിക്കേണ്ടതെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ. ദേശീയവാദം വിദ്വേഷത്തിൽ അധിഷ്ഠിതമാണ്. ദേശസ്നേഹം ജനങ്ങൾക്കായുള്ള ജീവിതസമർപ്പണമാണ്. രബീന്ദ്രനാഥ ടാഗോർപോലും ദേശീയവാദത്തെ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാർടി കോൺഗ്രസിന് അനുബന്ധമായി സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമില്ലെന്നു പറയുന്നവരെ സൂക്ഷിക്കണം. അരാഷ്ട്രീയവാദികൾ അവരറിയാതെതന്നെ പ്രതിലോമരാഷ്ട്രീയത്തിന്റെ ഇരകളാണ്. രാഷ്ട്രീയമുണ്ടെന്നും അത് മനുഷ്യന്റെ വിമോചനത്തിന്റെയും മതനിരപേക്ഷതയുടെയും പക്ഷമാണെന്നും പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയെ മുഴുവൻ ഭയം ഗ്രസിച്ചിരിക്കുന്നു. അധികാരികളോട് സത്യം പറയാൻ മടിച്ച് സ്വയം അടിമജനതയാകുന്നത് അപകടമാണ്. ആത്യന്തികമായി ജനാധിപത്യം നിർണയിക്കുന്നത് തെരഞ്ഞെടുപ്പുകളിലൂടെയല്ല. രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിൽ രാജ്യത്തെ ജനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിലാണ് ജനാധിപത്യത്തിന്റെ ശക്തി വിലയിരുത്തപ്പെടുന്നത്. പാർലമെന്റിൽനിന്ന് കേൾക്കുന്നത് ജനങ്ങളുടെ ശബ്ദമല്ല.
മതത്തെ അധികാരത്തിനുള്ള ഹിംസാത്മക ആയുധമാക്കി മാറ്റുന്നതല്ല ആധ്യാത്മികത. സംസ്കാരമെന്ന് കേൾക്കുമ്പോൾ തോക്കെടുക്കാൻ തോന്നുന്നവർ ഭരിക്കുന്ന കാലത്ത് ജീവിക്കേണ്ട ഗതികേടിലാണ് നമ്മൾ. മാധ്യമങ്ങൾക്കുപോലും അതിരുവിട്ട് വിമർശിക്കാൻ അവകാശമില്ല. ഈ ഭയംമൂലം മഹാഭൂരിപക്ഷം മാധ്യമങ്ങളും ഭരണനേതൃത്വത്തിന്റെ പ്രചാരകരായി–സച്ചിദാനന്ദൻ പറഞ്ഞു.
സി എച്ച് കണാരൻ നഗറിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തവർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]