ന്യൂഡല്‍ഹി: ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയുടെ തലവന്‍ ഹാഫിസ് സയ്യിദിന്റെ മകന് തല്‍ഹ സയ്യിദിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. ഹാഫിസ് സയ്യിദിന് പാക് കോടതി 32 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഇന്ത്യ മകനെ ഭീകരനായി പ്രഖ്യാപിച്ചത്.
ലഷ്കര്‍ ഇ ത്വയ്ബയ്ക്കായി ധനസമാഹരണം നടത്തുന്നതും പല ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതും തല്ഹയാണെന്നാണ് ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിട്ടുള്ളത്. പാക്കിസ്ഥാനിലെ ലഷ്കര്‍ ഇ ത്വയ്ബ കേന്ദ്രങ്ങള്‍ ഇയാള്‍ നിരന്തരം സന്ദര്‍ശിക്കുന്നതായും ഇന്ത്യ ആരോപിച്ചു. ഇന്ത്യ ഭീകരനായി പ്രഖ്യാപിക്കുന്ന 32ാമത്തെ ഭീകരനാണ് തല്‍ഹ സയ്യിദ്.
അതിനിടെ കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അനന്തനാഗില്‍ നടന്ന വെടിവയ്പില്‍ ലഷ്കര്‍ കമാന്‍ഡര്‍ നിസാര്‍ ദാര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ മറ്റൊരു ഭീകരനെയും വധിച്ചു. ഇരുസ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ തുടരുന്നതായി സൈന്യം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]