തിരുവനന്തപുരം
സംസ്ഥാനത്ത് വെള്ളിയാഴ്ചയും വേനൽ മഴ ശക്തം. ഇടിമിന്നലോടെ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂർ കൂത്തുപറമ്പിൽ വെൽഡിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. മാങ്ങാട്ടിടം കുറുമ്പുക്കലിലെ മടത്തുംകണ്ടി ഹൗസിൽ ജോയ് (50) ആണ് മരിച്ചത്.
വെള്ളി വൈകിട്ട് കൈതേരി ഇടത്തിലെ കെട്ടിടത്തിൽ വെൽഡിങ് ജോലിക്കിടെയാണ് മിന്നലേറ്റത്.പത്തനംതിട്ട ജില്ലയിൽ രണ്ടു ദിവസമായി വേനൽ മഴ ശക്തമാണ്. 41 വീടിന് നാശം സംഭവിച്ചു. കോന്നി, റാന്നി, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് കൂടുതൽ നാശം. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ വേനൽ മഴ പത്തനംതിട്ടയിലാണ് പെയ്തതെന്ന് കാലാവസ്ഥാകേന്ദ്രം അധികൃതർ പറഞ്ഞു.
7 ജില്ലയിൽ
ഇന്ന്
ശക്തമായ മഴ
സംസ്ഥാനത്ത് ചൊവ്വവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്തം പാടില്ല. കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല.
മഴക്കാലത്തിനുമുമ്പ്
ശുചീകരണം
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ മഴക്കാലപൂർവ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്താൻ ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുടെ തീരുമാനം. തദ്ദേശമന്ത്രി എം വി ഗോവിന്ദന്റെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന ഉന്നത യോഗത്തിലാണ് തീരുമാനം. മഴക്കാലത്തിന് മുമ്പുതന്നെ ശുചീകരണം പൂർത്തിയാക്കാൻ മന്ത്രിമാർ നിർദേശം നൽകി.
കൊതുകിന്റെ ഉറവിട നശീകരണത്തിന് എല്ലാ ജില്ലയും പ്രത്യേകം ശ്രദ്ധിക്കണം. വീടുകളിൽ ഞായറാഴ്ചകളിലും സ്കൂളുകളിൽ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധിക്ക് അനുസരിച്ച് കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ കർമപദ്ധതി തയ്യാറാക്കണം.
വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കണം. മൃഗങ്ങളുടെ കടിയോ പോറലോ ഏറ്റാലും ചികിത്സ തേടണം. മലിനജലവുമായും മണ്ണുമായും സമ്പർക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ കഴിക്കണം. വാർഡുതല സമിതികൾ ഊർജിതമാക്കി ആരോഗ്യവകുപ്പുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കണം. വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഉറപ്പുവരുത്തണമെന്നും യോഗം നിർദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]