ന്യൂഡൽഹി
സിപിഎം പാര്‍ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് കെ വി തോമസിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഹൈക്കമാൻഡിൽ ആശയക്കുഴപ്പം. കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം കേരളത്തിലെ നേതൃത്വം കടുത്ത നടപടി ആവശ്യപ്പെടുന്നു. എന്നാൽ, നടപടി വേണ്ട എന്ന നിലപാടിലാണ് എഐസിസിയിലെ ഒരുവിഭാഗം. നടപടി ദേശീയതലത്തിൽ തിരിച്ചടിയാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയ്ക്കുള്ള ശ്രമം ശക്തമാകവെ സിപിഐ എം സെമിനാറിൽ പങ്കെടുത്തതിന് നടപടിയെടുത്താൽ ഇത് മോശം സന്ദേശമാകുമെന്ന് ഇവർ ഹൈക്കമാൻഡിനെ അറിയിച്ചു. സുധാകരന്റെ പിടിവാശിയാണ് പ്രശ്നമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ദേശീയ സാഹചര്യം പരിഗണിച്ച് കടുത്ത നടപടി വേണ്ടന്ന നിലപാടിലാണ് സോണിയ ഗാന്ധിയും.
കെപിസിസി തീരുമാനിക്കട്ടെ: കെ സി വേണുഗോപാൽ
സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ മാധ്യമപ്രവർത്തകരോടുള്ള പ്രതികരണത്തിലും വിഷയത്തിലെ ആശയക്കുഴപ്പം വ്യക്തം. നടപടി കെപിസിസി നേതൃത്വം തീരുമാനിക്കട്ടെയെന്ന് വേണുഗോപാൽ പറഞ്ഞു. സംസ്ഥാന നേതൃത്വം നിലപാട് അറിയിക്കുമ്പോൾ എഐസിസി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അംഗത്തിനെതിരെ കെപിസിസി എങ്ങനെ നടപടിയെടുക്കുമെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല.
നടപടിയെന്ന്
സതീശൻ
സിപിഐ എം പാർടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന എഐസിസി അംഗം കെ വി തോമസിനെതിരായ നടപടി സംബന്ധിച്ച് ഉചിതമായ തീരുമാനം കെപിസിസി കൈക്കൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് അംഗീകരിക്കേണ്ട ബാധ്യത തോമസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]